ന്യൂഡൽഹി: ഡൽഹിയിൽ ആമസോൺ സീനിയർ മാനേജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാർ പിടിയിൽ. മുഹമ്മദ് സമീർ എന്ന മായ (18), ബിലാൻ ഗനി (18) എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. 36കാരനായ ഹർപ്രീത് ഗിൽ ആണ് ചൊവ്വാഴ്ച രാത്രി 11.30ന് അമ്മാവനൊപ്പം ബൈക്കിൽ പോകുന്നതിനിടെ വെടിയേറ്റ് മരിച്ചത്. ഭജൻപുരയിലെ സുഭാഷ് വിഹാറിന് സമീപമായിരുന്നു സംഭവം.
ഹർപ്രീതിനും ബന്ധുവിനും നേരെ അഞ്ചംഗ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ടകളിലൊന്ന് ഹർപ്രീതിന്റെ തലയിൽ പതിക്കുകയും സംഭവസ്ഥലത്ത് മരിക്കുകയും ചെയ്തു. അമ്മാവൻ ഗോവിന്ദ് സിങ്ങിന്റെ വലത് ചെവിയിൽ വെടിയേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ സൊഹൈൽ, മുഹമ്മദ് ജുനൈദ്, അദ്നാൻ എന്നിവർ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
സംഘം ബിലാൽ ഗനിയുടെ വീട്ടിൽ രാത്രി നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം രണ്ട് സ്കൂട്ടറുകളിലായി റൈഡിന് പുറപ്പെട്ടതായിരുന്നു. ഇടുങ്ങിയ വഴിയിലൂടെ പോകുന്നതിനിടെ എതിർദിശയിൽ ഹർപ്രീത് ഗില്ലും അമ്മാവനും ബൈക്കിലെത്തി. ഇതോടെ ഇരുകൂട്ടർക്കും പോകാൻ കഴിയാതെ വരികയും ഇതിനെ ചൊല്ലി വഴക്കുണ്ടാവുകയും ചെയ്തു. ഇതിനിടെ മുഹമ്മദ് സമീർ തോക്കെടുത്ത് ഇരുവർക്കും നേരെ നിറയൊഴിക്കുകയും സംഘം രക്ഷപ്പെടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.