പാലാ: അഞ്ചുകോടിയോളം രൂപ തട്ടിയ കേസിൽ അറസ്റ്റിലായി ജാമ്യമെടുത്ത് മുങ്ങിനടന്ന പ്രതി 14 വർഷത്തിനുശേഷം പിടിയിൽ. പാലാ നെച്ചിപ്പൂഴൂർ മണ്ഡപത്തിൽ പി.കെ. മോഹൻദാസിനെയാണ് (58) ന്യൂഡൽഹിയിലെ രോഹിണിയിൽനിന്ന് പാലാ എസ്.എച്ച്.ഒ കെ.പി. തോംസണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2008 കാലഘട്ടത്തിൽ പാലായിലെ എൽ.ഐ.സി ഏജന്റ് ആയിരുന്ന മോഹൻദാസ് ഉപഭോക്താക്കളുടെ പോളിസി തുക അടക്കാതെ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചു.
വീടും സ്ഥലവും വിൽപനക്ക് പരസ്യപ്പെടുത്തി പലരുടെയും പക്കൽനിന്ന് കോടികൾ അഡ്വാൻസായി വാങ്ങി. പണം തിരികെ ലഭിക്കാതെ വന്നതോടെ തട്ടിപ്പിനിരയായവർ പാലാ സ്റ്റേഷനിൽ പരാതി നൽകി. 2008ൽ 15ഓളം വഞ്ചനക്കേസുകൾ മോഹൻദാസിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു. പാലാ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തുടർന്ന് ജാമ്യം നേടിയ പ്രതി ഭാര്യയോടും മക്കളോടുമൊപ്പം ഒളിവിൽ പോയി. പൊലീസ് ഏറെ അന്വേഷിച്ചിട്ടും കണ്ടെത്താനാവാതെ വന്നതോടെ പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബിലെത്തിയ ബി.കോം ബിരുദധാരിയായ മോഹൻദാസും ഭാര്യയും മൂന്നുവർഷത്തോളം ലുധിയാനയിൽ അധ്യാപകരായി ജോലി ചെയ്തു. പിന്നീട് രണ്ടുവർഷം മോഹൻദാസ് അവിടെയുള്ള അമ്പലത്തിൽ കഴകക്കാരനായി. ലുധിയാനയിൽ വാടകക്ക് താമസിച്ചിരുന്ന വിലാസത്തിൽ ഇയാൾ ആധാർ കാർഡും സ്വന്തമാക്കി. 2013ൽ പൊലീസ് പഞ്ചാബിൽ എത്തി അന്വേഷണം നടത്തിയെങ്കിലും വിവരമറിഞ്ഞ മോഹൻദാസ് ന്യൂഡൽഹിയിലേക്ക് കുടുംബസമേതം താമസം മാറ്റി. ന്യൂഡൽഹിയിൽ എത്തിയ പ്രതി അമ്പലക്കമ്മിറ്റിയെ പിറവം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടന്റ് ആയി ജോലിയിൽ പ്രവേശിച്ചു.
മൂന്നുമാസം മുമ്പ് പ്രതിയെ പിടികൂടാനുള്ള ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാലാ ഡിവൈ.എസ്.പി ഷാജു ജോസ് പുതിയ അന്വേഷണസംഘം രൂപവത്കരിച്ചു. അന്വേഷണത്തിൽ മോഹൻദാസിന്റെ ഭാര്യയും മക്കളും വിദ്യാഭ്യാസ ആവശ്യത്തിന് പൊള്ളാച്ചിയിലേക്ക് താമസം മാറ്റി എന്ന് മനസ്സിലാക്കി.
കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ നിരവധി ഫോൺകാളുകൾ പരിശോധിച്ചതിൽ ന്യൂഡൽഹിയിലെ അമ്പലത്തിലെ നമ്പറിൽനിന്നും ഭാര്യക്കും മക്കൾക്കും ഇടക്കിടെ വിളികൾ വരുന്നത് കണ്ടെത്തി. എട്ടുവർഷമായി മോഹൻദാസ് ന്യൂഡൽഹിയിലെ രോഹിണിയിൽ അമ്പലത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണെന്ന് കണ്ടെത്തി. തുടർന്ന് ഇവിടെയെത്തി പ്രതിയെ പിടികൂടി. എ.എസ്.ഐ ബിജു കെ. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, സി.പി.ഒ രഞ്ജിത്.സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.