വള്ളികുന്നം: മദ്യലഹരിയിൽ വെട്ടുകത്തിയുമായി വള്ളികുന്നം സ്റ്റേഷന് മുന്നിൽ പരാക്രമം കാട്ടിയ യുവാവിനെ പൊലീസ് സാഹസികമായി കീഴടക്കി. പള്ളിപ്പാട് നടുവട്ടം അകവൂർമഠം കോളനിയിൽ സുഭാഷാണ് (38) പിടിയിലായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഇലിപ്പക്കുളം മങ്ങാരത്തെ നായ് ഫാമിന്റെ മേൽനോട്ടക്കാരനായ തോട്ടപ്പള്ളി നാലുചിറ തട്ടേക്കാട് ജസ്റ്റിനും സുഭാഷും തമ്മിൽ സാമ്പത്തിക തർക്കം ഉടലെടുത്തതോടെ രണ്ടുപേരും പൊലീസിൽ പരാതി നൽകി. ഇതിനിടെ സുഭാഷ് മദ്യപിച്ച് എത്തിയത് ചോദ്യം ചെയ്തതും പ്രകോപന കാരണമായി. വിഷയം പരിശോധിക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചത് അനുസരിച്ചാണ് ഇരുവരും എത്തിയത്. സ്റ്റേഷനിലേക്ക് കയറുന്നതിനിടെ സമീപം ജസ്റ്റിന്റെ കാർ കണ്ട് പ്രകോപിതനായ സുഭാഷ് കാർ തകർത്തു. ശേഷം വെട്ടുകത്തി ഉയർത്തി വെല്ലുവിളിച്ചതോടെ ജസ്റ്റിൻ സ്റ്റേഷനിലേക്ക് ഓടിക്കയറി. ഇതിനിടെ പൊലീസ് ഇയാളെ സാഹസികമായി കീഴടക്കുകയായിരുന്നു. സുഭാഷിനെതിരെ വേറെയും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ നിതീഷ്, അൻവർ സാദത്ത്, എ.എസ്.ഐമാരായ ജയന്തി, രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുനിൽ, സിവിൽ പൊലീസ് ഓഫിസർ െറജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.