കാട്ടാക്കട: മാരകായുധങ്ങളുമായി ബൈക്കുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടമ്മയെയും മക്കളെയും ആക്രമിച്ച സംഘത്തെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് പ്രതികളെ പിടികൂടിയിട്ടില്ലെന്നും നീതി കിട്ടണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മ ഡി.ജി.പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി
നെയ്യാർഡാം മരക്കുന്നത്ത് എ.എൻ നിവാസിൽ വിജിതകുമാരി (41), മകൻ അരവിന്ദ് (22), അഖിൽ (26) എന്നിവരെയാണ് അക്രമിസംഘം മാരാകായുധങ്ങളുമായെത്തി വീടുകയറി ആക്രമിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തത്. തിങ്കളാഴ്ച വൈകീട്ടാണ് നാല് ബൈക്കുകളിലെത്തിയ സംഘം വീട്ടിൽ കയറി അമ്മയെയും മക്കളെയും ആക്രമിച്ചത്. മക്കളെ മര്‍ദിക്കുന്നത് തടഞ്ഞപ്പോഴാണ് തന്നെയും ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. മണിക്കൂറോളം ഇവരെ ആയുധത്തിനുമുന്നില് നിര്‍ത്തിയ അക്രമികൾ ഗൃഹോപകരണങ്ങള്‍ നശിപ്പിച്ച് ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മടങ്ങിയത്.
വിജിത ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടി. സംഭവദിവസംതന്നെ നെയ്യാര്‍ഡാം പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് റൂറല്‍ പൊലീസ് ചീഫിന് നല്കിയ പരാതിയിൽ പറയുന്നു. നഗരത്തിലെ ഗുണ്ടാസംഘത്തിലെ പ്രധാനി ഉള്‍പ്പെെടയുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.