വെള്ളിമാടുകുന്ന്: കൊല്ലം സ്വദേശിനിയെ കോഴിക്കോട്ടെത്തിച്ച് നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നീക്കം. ചേവരമ്പലം രാരുക്കുട്ടി ഫ്ലാറ്റിൽ നിരവധിപേർ വന്നുപോവാറുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ മനസ്സിലായതോടെയാണ് പ്രതികളിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് നീക്കം തുടങ്ങിയത്.
ഫ്ലാറ്റിൽ അനാശാസ്യപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഇതുമൂലം പ്രദേശവാസികൾക്ക് പ്രയാസമുണ്ടെന്നും കാണിച്ച് റസിഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ ചേവായൂർ പൊലീസിൽ മാസങ്ങൾക്കു മുമ്പുതന്നെ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പതിവായി എത്തിയിരുന്നത് അറിയിച്ചിട്ടും പൊലീസ് വേണ്ടത്ര നടപടികൾ സ്വീകരിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചില പൊലീസ് അധികൃതർക്കും സ്ഥാപന നടത്തിപ്പിനെക്കുറിച്ച് ബോധ്യമുണ്ടായിരുന്നുവത്രെ. ഒരുമാസത്തിനിടെ നൂറിലധികം പേർ മുറികൾ വാടകക്ക് എടുത്തിരുന്നതായി അന്വേഷണം നടത്തുന്ന പൊലീസ് പറഞ്ഞു.
മുമ്പ് പരാതിയുയർന്നപ്പോൾ കോമ്പൗണ്ട് വാൾ ഉയർത്തിക്കെട്ടി ജനശ്രദ്ധ തിരിക്കാനും ശ്രമിച്ചിട്ടുണ്ട്. കെട്ടിട ഉടമയിൽനിന്ന് വാടകക്ക് വാങ്ങി ഓൺലൈനിൽ മുറികൾ നൽകുന്ന രീതിയായിരുന്നു മൂന്നുപേരടങ്ങിയ നടത്തിപ്പുകാർ സ്വീകരിച്ചത്.
സാധാരണനിലയിൽ സ്ഥാപനത്തിനെതിരെ നടപടികൾ സ്വീകരിക്കാൻ പൊലീസിന് പരിമിതി ഉണ്ടായിരുന്നെങ്കിലും കൂട്ടബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതോടെ ശനിയാഴ്ച ഉച്ചയോടെ പൊലീസ് അടച്ചിരുന്നു.
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട അജ്നാസ് പറഞ്ഞത് പ്രകാരമാണ് കോഴിക്കോട്ട് എത്തിയതെന്നും ഫ്ലാറ്റിൽവെച്ച് നാലുപേർ പീഡിപ്പിച്ചതായും യുവതി പൊലീസിന് മൊഴിനൽകി. മയക്കുമരുന്ന് നൽകിയാണത്രെ ബലാത്സംഗം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.