മണിമല: ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാവൂർ ഏറത്തുവടകര ഭാഗത്ത് കുന്നത്തുപുഴയിൽ സുഭാഷ് (38), വെള്ളാവൂർ കോത്തലപ്പടി ഭാഗത്ത് ഏറത്തുപാലത്ത് വീട്ടിൽ ശ്യാം കുമാർ (32) എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് കോത്തലപ്പടി-പള്ളത്തുപാറ റോഡിലായിരുന്നു സംഭവം. ഓട്ടോ ഓടിച്ചുവരുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു. ഓട്ടോ ഡ്രൈവറായ യുവാവും സുഭാഷുമായി മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായായിരുന്നു ഇവർ യുവാവിനെ ആക്രമിച്ചത്. മണിമല എസ്.എച്ച്.ഒ ബി. ഷാജിമോൻ, എസ്.ഐമാരായ സുനിൽകുമാർ, വിജയകുമാർ, അനിൽകുമാർ, സി.പി.ഒമാരായ അജിത്ത്, ജോബി, ജിമ്മി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വൈക്കം: മുക്കുപണ്ടം നൽകി പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പെരുമ്പാവൂർ ആലപ്ര വെങ്ങോല പട്ടരുമഠം വീട്ടിൽ നൗഷാദ് (48), പെരുമ്പാവൂർ അറക്കൽപടി വെങ്ങോല കുടിലിങ്കൽ വീട്ടിൽ റഹീം കെ.യൂസഫ് (47) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴയിലെ വ്യാപാരിയെയാണ് ഇവർ കബളിപ്പിച്ചത്.
കഴിഞ്ഞദിവസം കേരള ബാങ്കിന്റെ വൈക്കം ചെമ്പ് ശാഖയിൽ പണയത്തിലിരിക്കുന്ന ഇവരുടെ സ്വർണാഭരണങ്ങൾ വിൽക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് തൊടുപുഴയിലെ വ്യാപാരിയെ ഇവർ സമീപിച്ചു. ഇതിനായി വ്യാപാരിയിൽനിന്ന് 2,34,000 രൂപ വാങ്ങി. തുടർന്ന് ബാങ്കിലെത്തിയ വ്യാപാരിക്ക് ഇവർ മുക്കുപണ്ടം നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ല പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം ഇവരിലൊരാളെ ചെമ്പിൽനിന്നും മറ്റൊരാളെ പെരുമ്പാവൂരിൽനിന്നും പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളായ നൗഷാദിന് വെള്ളത്തൂവൽ, പെരുമ്പാവൂർ, കോടനാട്, കുന്നത്തുനാട്, ഷൊർണൂർ, പെരിന്തൽമണ്ണ, തിരുവനന്തപുരം മെഡിക്കൽ കോളജ്, എറണാകുളം സെൻട്രൽ, കുറുപ്പുംപടി, ചെങ്ങമനാട്, എടത്തല സ്റ്റേഷനുകളിലായി സമാനമായ 16 കേസുകൾ നിലവിലുണ്ട്. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്.ഐ അജ്മൽ ഹുസൈൻ, അബ്ദുൽ സമദ്, സി.പി.ഒമാരായ ശിവദാസ പണിക്കർ, സന്തോഷ്, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.