ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂരിൽ ബാറിൽ കയറി മാനേജരെയും ജീവനക്കാരെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും 45,000 രൂപ വീതം പിഴയും. ഒന്നാം പ്രതി കൊടുങ്ങല്ലൂര്‍ ചിറ്റേടത്തുപറമ്പില്‍ രഘുനാഥ് (30), രണ്ടാം പ്രതി ലോകമലേശ്വരം വയമ്പനാട് ഷാലി (കണ്ണന്-38) എന്നിവരെയാണ് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസി. സെഷൻസ് ജഡ്ജ് ടി. സഞ്ജു ശിക്ഷിച്ചത്. മൂന്നാം പ്രതി വയമ്പനാട് സജേഷ് (കുഞ്ഞിക്കണ്ണന്) വിചാരണക്കിടെ മരിച്ചിരുന്നു. നാല് മുതൽ ആറ് വരെ പ്രതികളെ വെറുതെ വിട്ടു.
2012 മേയ് 11നാണ് കേസിനാസ്പദമായ സംഭവം. ബാറില്‍നിന്ന് മദ്യം കഴിച്ച പ്രതികള്‍ ചില്ലറ നൽകുന്നതുമായി ബന്ധപ്പെട്ട് ബാര്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായി.പിന്നീട് ആയുധങ്ങളുമായി തിരിച്ചെത്തിയ പ്രതികള്‍ ബാറിലേക്ക് അതിക്രമിച്ചു കയറുകയും തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെയും ബാര്‍ മാനേജരെയും ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയും ബാറിലെ സാധന സാമഗ്രികൾ അടിച്ചു തകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. അക്രമത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ബാര്‍ ജീവനക്കാർ മാസങ്ങളോളം ചികിത്സയിലായിരുന്നു.
കൊടുങ്ങല്ലൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന പി.ആര്. ബിജോയ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. നവാസ് തുടരന്വേഷണം നടത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സുരേന്ദ്രനാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 23 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും 12 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഭിഭാഷകരായ ജിഷ ജോബി, എബിന് ഗോപുരന്‍, വി.എസ്. ദിനല്‍, കെ.ആര്. അര്ജുന്, അല്‍ജോ പി. ആൻറണി എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.