ചാവക്കാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവും 35,000 രൂപ പിഴയും. വാടാനപ്പള്ളി ബീച്ച് പടിയത്ത് വീട്ടിൽ ബിൻഷാദ് (36), അമ്പലത്ത് വീട്ടിൽ ഷിഹാബ് (23), കുന്തറവീട്ടിൽ അനീഷ് (25) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ശിക്ഷിച്ചത്.
കേസിലെ നാലാം പ്രതി അൽത്താഫ് ഇപ്പോഴും ഒളിവിലാണ്. വാടാനപ്പള്ളി ബീച്ച് ഫസൽ നഗർ കാട്ടുപറമ്പിൽ സൈമണിന്റെ മകൻ സൈമോനെ (28) വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. 2020 ഡിസംബർ 11ന് പുലർച്ചെ 5.30നാണ് സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സൈമോനെ പ്രതികളായ അൽത്താഫ്, അനീഷ് എന്നിവർ ചേർന്ന് വഞ്ചിയിൽ മീൻ പിടിക്കാൻ വിളിച്ചുണർത്തി ഫസൽ നഗർ റോഡിലൂടെ ബീച്ചിലേക്ക് നടന്നു പോകുമ്പോഴാണ് ആക്രമിച്ചത്.
ആക്രമണത്തിൽ സൈമോന്റെ ഇരുകാലുകളിലെയും എല്ലുകൾ ഒടിയുകയും തുടയിൽ കത്തികൊണ്ട് കുത്തേറ്റ് ആഴത്തിൽ മുറിവുണ്ടാകുകയും ചെയ്തു.ദൃക്സാക്ഷികളില്ലാത്ത കേസിൽ പരിക്കുപറ്റിയ സൈമോന്റെ മൊഴിയുടെ അടിസ്ഥാനത്തിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ ശിക്ഷിച്ചത്.
ഒന്നാംപ്രതി ബിൻഷാദ് നിരവധി കേസുകളിൽ പ്രതിയായി ഇപ്പോഴും ജയിലിലാണ്. പ്രോസിക്യൂഷനായി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത്കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.