ബസില്‍ ലൈംഗിക പീഡനശ്രമം: പൊലീസുകാരനും ഐ.ജി ഓഫിസിലെ ജീവനക്കാരനും അറസ്റ്റില്‍

അടൂര്‍: ബസിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്ന പരാതിയില്‍ പൊലീസുകാരനും ഐ.ജി ഓഫിസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനും അറസ്റ്റില്‍. കോന്നി പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ പിറവന്തൂര്‍ ചെമ്പനരുവി നെടുമുരുപ്പേല്‍ ഷെമീര്‍ (39), ഇടുക്കി കാഞ്ചിയാര്‍ നേര്യംപാറ അറയ്ക്കല്‍ വീട്ടില്‍ എ.എസ്. സതീഷ് (39) എന്നിവരാണ് അറസ്റ്റിലായത്. സതീഷ് എക്കണോമിക്‌സ് ഒഫന്‍സ് വിങ് ഐ.ജിയുടെ കാര്യാലയത്തില്‍നിന്നും തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി (ട്രെയിനിങ്) ഓഫിസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റായി അറ്റാച്ച് ഡ്യൂട്ടി ചെയ്തു വരികയാണ്. ഇരുവരെയും സർവിസിൽനിന്ന്​ സസ്​പെൻഡ്​ ചെയ്തു.

സതീഷ് ആണ് ആദ്യം അറസ്റ്റിലായത്. രാവിലെ 11 മണിയോടെ കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ മിത്രപുരത്ത് ​െവച്ചാണ് പീഡനശ്രമം നടന്നത്. യാത്രക്കാരി പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ബസില്‍ തന്നെ സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

ഉച്ചക്ക്​ ഒന്നിനാണ് രണ്ടാമത്തെ സംഭവം. പത്തനംതിട്ടയില്‍നിന്ന് അടൂരിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസില്‍ മുന്നിലെ സീറ്റിലിരുന്ന യുവതിയെ ഷെമീര്‍ കടന്നു പിടിച്ചുവെന്നാണ് കേസ്. താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അറിയാതെ യുവതിയുടെ ശരീരത്ത് സ്പര്‍ശിച്ചുവെന്നാണ് ഷെമീറിന്‍റെ വാദം. ഇതേ ബസില്‍ ഉണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് ഷെമീറിനെ കൈയേറ്റം ചെയ്തതായും പറയുന്നു. യുവതിയുടെ മൊഴിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഷെമീറിനെ അറസ്റ്റ് ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ്​ ചെയ്തു. പത്തനംതിട്ട ജില്ല പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന കോട്ടയം എസ്​.പി കെ. കാര്‍ത്തിക് ഇതു സംബന്ധിച്ച് വിശദീകരണം തേടിയിട്ടുണ്ട്.

Tags:    
News Summary - Attempted sexual harassment in bus: Policeman and employee of IG office arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.