കോട്ടക്കൽ: വാടകവീട്ടിലെ മുറിയിൽ കെട്ടിയിട്ട ശേഷം കത്തികാണിച്ച് ഉപദ്രവിച്ച സംഭവത്തിൽ പതിനഞ്ചുകാരി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. കോട്ടക്കൽ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ആഗസ്റ്റ് 20ന് പകലാണ് സംഭവം. മാതാവിനും സഹോദരനുമൊപ്പം വാടക ക്വാർട്ടേഴ്സിലാണ് പത്താം ക്ലാസ് വിദ്യാർഥി കഴിഞ്ഞിരുന്നത്. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീടിന് പിറകിൽ വസ്ത്രം അലക്കുമ്പോൾ രണ്ടുപേർ വീട്ടിനകത്ത് കയറിയെന്നും ശബ്ദം കേട്ട് അകത്തുകയറിയ തന്നെ ഷാളുപയോഗിച്ച് കെട്ടിയിട്ടെന്നും പരാതിയിൽ പറയുന്നു. ശേഷം കത്തി ഉപയോഗിച്ച് വസ്ത്രം കീറി ഉപദ്രവിച്ചു. കത്തികൊണ്ട് കൈത്തണ്ട മുറിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹോദരൻ വരുന്നുവെന്ന് പറഞ്ഞ് ഇവർ പെട്ടെന്ന് ഇറങ്ങിപ്പോയെന്നും കുട്ടി പറയുന്നു. ശേഷം കോട്ടക്കൽ സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, പ്രതികളെപ്പറ്റി പറഞ്ഞുകൊടുത്തിട്ടും ഇതുവരെ നടപടിയെടുത്തില്ലന്നാണ് കുടുംബത്തിന്റെ പരാതി.
എന്നാൽ, കുട്ടിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുഖം മൂടിയിട്ടവർ അക്രമിച്ചെന്നായിരുന്നു ആദ്യം മൊഴി നൽകിയത്. ഇതുപ്രകാരം സംശയമുള്ളവരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞതായി പെൺകുട്ടി മൊഴി നൽകി. ഇയാളെ ചോദ്യം ചെയ്തു. പെൺകുട്ടി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ബ്ലെയ്ഡ് പോലുള്ള ഉപകരണം കൊണ്ട് വസ്ത്രം മുറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളെ തുടർന്ന് സി.ഡബ്ല്യൂ.സിയുടെ സഹായത്തോടെ കൗൺസിലിങ് നടത്തിയതായും എസ്.എച്ച്.ഒ എം.കെ. ഷാജി അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.