ചെറുതോണി: റവന്യൂ വകുപ്പ് അധികൃതരുടെ അനാസ്ഥ മൂലം 17 കുടുംബങ്ങൾ കരമടക്കാനാവാതെ ബുദ്ധിമുട്ടുന്നു. തങ്കമണി വില്ലേജില്‍ 30 വര്‍ഷമായി കരമടച്ചിരുന്ന പാണ്ടിപ്പാറ സ്വദേശികളാണ് ഇപ്പോൾ കരമടക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്നത്. ഇടുക്കി താലൂക്ക് രൂപവ്കരിക്കുന്നതിന് മുമ്പ് ഈ പ്രദേശം ഉടുമ്പന്‍ചോല താലൂക്കിലെ തങ്കമണി വില്ലേജിന്‍റെ പരിധിയിലായിരുന്നു.
ഇടുക്കി താലൂക്ക് രൂപവത്കരിച്ചപ്പോള്‍ 17 കുടുംബങ്ങളെയും ഇടുക്കി താലൂക്കിൽപ്പെടുന്ന ഉപ്പുതോട് വില്ലേജിന്‍റെ പരിധിയിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതനുസരിച്ച് ഇവരുടെ രേഖകൾ തങ്കമണി വില്ലേജില്‍നിന്ന് ഒഴിവാക്കി ഇടുക്കി താലൂക്കിലേക്ക് ഫയല്‍ അയക്കുകയും 17 വീട്ടുകാര്‍ക്കും ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍, പിന്നീട് ഉപ്പുതോട് വില്ലേജില്‍ കരമടക്കാനെത്തിയപ്പോള്‍ അവിടെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും രേഖകളില്ലാത്തതിനാല്‍ കരമടക്കാന്‍ കഴിയില്ലെന്നുമായിരുന്നു മറുപടി. ഇടുക്കി താലൂക്ക് ഓഫിസിലും കലക്ടര്‍, റവന്യൂ മന്ത്രി എന്നിവര്‍ക്കും പരാതി നല്‍കി ആറുവര്‍ഷമായിട്ടും നടപടിയുണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കരമടക്കാത്തതിനാല്‍ വായ്പ, കാര്‍ഷിക സബ്സിഡി എന്നിവയൊന്നും ലഭിക്കുന്നുമില്ല. സ്ഥലം വില്‍ക്കാനോ വായ്പയെടുക്കാനോ കഴിയാത്തതിനാൽ മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവ മുടങ്ങുന്ന അവസ്ഥയാണ്.
ഇടുക്കി താലൂക്കിലെ ഉദ്യോഗസ്ഥര്‍ വില്ലേജിലേക്ക് ഫയല്‍ അയക്കാത്തതാണ് തടസ്സമായി പറയുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം 17 കുടുംബങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച പട്ടയഭൂമിയുടെ കരമടക്കാന്‍ കഴിയാതെ ആറുവര്‍ഷമായി ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. പ്രശ്നം ഇനിയും പരിഹരിക്കുന്നില്ലെങ്കില്‍ താലൂക്ക് ഓഫിസിന് മുന്നില്‍ നിരാഹാരം കിടക്കാനാണ് കർഷകരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.