കൊച്ചി: പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവതിെയ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ആയുർവേദ ഡോക്ടറുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി റദ്ദാക്കി. പാലക്കാട് ഒറ്റപ്പാലം അമ്പാടിയിൽ പ്രസാദിനെയാണ് (35) പാലക്കാട് അഡീഷനൽ സെഷൻസ് കോടതിയുടെ വിധി റദ്ദാക്കി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വെറുതെവിട്ടത്.
ആശുപത്രിയിൽ കൂടെ ജോലിചെയ്തിരുന്ന യുവതിക്ക് 2009 ഫെബ്രുവരി 21ന് പ്രസാദ് താമസിച്ചിരുന്ന വീട്ടിൽ പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏഴുദിവസം കഴിഞ്ഞ് ഇവർ മരിച്ചു. 2016 ജനുവരി 28നാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിവാഹം കഴിക്കണമെന്ന അഭ്യർഥന താൻ നിരസിച്ചതിനെത്തുടർന്ന് യുവതി തീകൊളുത്തി മരിച്ചെന്നായിരുന്നു അപ്പീലിൽ ഡോക്ടറുടെ വാദം.
ദൃക്സാക്ഷി കൂറുമാറിയിട്ടും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ഭർത്താവിനും കൂടെ ജോലി ചെയ്യുന്ന മറ്റൊരാൾക്കും യുവതി നൽകിയ മരണമൊഴിയും വിചാരണക്കോടതി പരിഗണിച്ചു. എന്നാൽ, 60 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി പൂർണ അബോധാവസ്ഥയിലായിരുന്നെന്ന ഡോക്ടറുടെ മൊഴി പ്രതിയുടെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. അവർ സ്വയം തീകൊളുത്തിയതാണെന്ന പ്രതിയുടെ വാദം തള്ളിക്കളയാനാവില്ലെന്നും ഇവർ തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നോ എന്നതിലടക്കം കാര്യങ്ങളിൽ കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് ശിക്ഷ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.