കോഴിക്കോട്: അഴിയൂര്‍ ലഹരി കേസിലെ അന്വേഷണം പൊലീസും എക്സൈസും ഊർജിതമാക്കി. ഡി.വൈ.എസ്.പി ആർ. ഹരിപ്രസാദിനാണ് അഅന്വേഷണ ചുമതല. എക്സൈസ് കമ്മീഷണർ രാജേന്ദ്രൻ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഇതിനിടെ, കേസിലെ പ്രതിയായ വിദ്യാർഥിയെ കോളജ് സസ്പെന്‍ഷന്‍റ് ചെയ്തിരിക്കുകയാണ്. മാഹി കോപ്പറേറ്റീവ് കോളജാണ് നടപടിയെടുത്തത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്താൻ കോളജ് തീരുമാനിച്ചിരിക്കുകയാണ്. ലഹരിമരുന്ന് സംഘത്തിന്‍റെ വലയില്‍പ്പെട്ട എട്ടാം ക്ലാസുകാരിയുടെ മൊഴിയില്‍ ഇക്കഴിഞ്ഞ രണ്ടാം തീയതി ചോമ്പാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ എഫ്ഐആറില്‍ യുവാവിനെതിരെ ചുമത്തിയത് പോക്സോ വകുപ്പാണ്. ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും ഇയാളെ സ്റ്റേഷനിലേക്ക് വളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷം പറഞ്ഞുവിടുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റിയോ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചതിനെപ്പറ്റിയോ ഒരു പരാമര്‍ശവുമുണ്ടായിരുന്നില്ല.
അതേസമയം കേസില്‍ എട്ടാം ക്ളാസുകാരിയില്‍ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ കേസിലെ പ്രതിയെ വിട്ടയച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മൊഴി വീണ്ടും രേഖപ്പെടുത്തിയത്. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം വടകര സ്‍റ്റേഷനിലെ വനിതാ സെല്ലില്‍ കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ലഹരി സംഘത്തിന്‍റെ നിര്‍ദ്ദേശാനുസരണം സ്കൂള്‍ യൂണിഫോമില്‍ താന്‍ ലഹരി കടത്തിയെന്ന കുട്ടിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പും എക്സൈസ് വകുപ്പും സ്കൂളിലെത്തി. സ്കൂളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.