സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റെ അപകടമരണ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഉണ്ണിയും മാതാവ് ശാന്തകുമാരിയും നടൻ സോബിയും സമർപ്പിച്ച ഹരജിയിൽ വാദം പൂർത്തിയായി. ജൂൺ 30ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി പറയും.
നിർണായക തെളിവുകൾക്കുമേൽ സി.ബി.ഐ കണ്ണടച്ചതായി ഹരജിക്കാർ കോടതിയിൽ ആരോപിച്ചു. കുറ്റകൃത്യം ബോധ്യമാകുന്ന നിർണായക സാക്ഷികളെ ബോധപൂർവം ഒഴിവാക്കി. സി.ബി.ഐ നടത്തിയ നുണപരിശോധന നിയമപരമല്ല. നുണ പരിശോധനഫലം തെളിവായി സ്വീകരിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി വിധിയുള്ളതായും ഹരജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ കേസിൽ സാധ്യമായ എല്ലാ രീതികളിലും അന്വേഷിച്ചാണ് കുറ്റപത്രം സമർപ്പിച്ചതെന്നായിരുന്നു സി.ബി.ഐ നിലപാട്.
അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകടകാരണമെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഈ നിഗമനത്തിൽ തന്നെയായിരുന്നു ക്രൈംബ്രാഞ്ചും. അപകടസമയത്ത് കാർ ഓടിച്ച ആളെക്കുറിച്ചുള്ള മൊഴികളാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് തോന്നാൻ കാരണം.
അപകട സമയത്ത് ഡ്രൈവർ അർജുനാണ് കാർ ഓടിച്ചതെന്നാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ദൃക്സാക്ഷികളും മൊഴി നൽകിയത്. എന്നാൽ ബാലഭാസ്കറാണ് ഓടിച്ചതെന്നാണ് അർജുൻ മൊഴി നൽകിയത്.
ഫോറൻസിക് പരിശോധനയുടെയും രഹസ്യമൊഴികളുടെയും സഹായത്തോടെ വാഹനമോടിച്ചത് അർജുനാണെന്ന് കണ്ടെത്തിയത് നിർണായക വഴിത്തിരിവായെന്ന് സി.ബി.ഐ ഡിവൈ.എസ്.പി അനന്തകൃഷ്ണൻ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 2019 സെപ്റ്റംബർ 25ന് പുലർച്ച പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപമായിരുന്നു അപകടം. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് കുടുംബസമേതമുള്ള യാത്രക്കിടെയായിരുന്നു അപകടം. മകൾ അപകടസ്ഥലത്തും ബാലഭാസ്കർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.