കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ നടൻ ദിലീപ് പദ്ധതിയിട്ടുവെന്ന കേസിൽ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ച് സംഘത്തിന് നിർണായക തെളിവുകൾ കൈമാറി. മൊഴി രേഖപ്പെടുത്താൻ ചൊവ്വാഴ്ച കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് അദ്ദേഹത്തെ വിളിച്ചുവരുത്തി. രാവിലെ 11ന് തുടങ്ങിയ മൊഴിയെടുക്കൽ വൈകീട്ട് നാലുവരെ നീണ്ടു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ അദ്ദേഹം കൈമാറി.
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും ദിലീപ് ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നതിന്റെ ശബ്ദരേഖകളടക്കമാണ് ബാലചന്ദ്രകുമാർ അടുത്തിടെ പുറത്തുവിട്ടത്. കേസിൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവുകളാണ് ഇതെന്നാണ് കണക്കുകൂട്ടൽ. ഈ വെളിപ്പെടുത്തലിനെ തുടർന്ന് ഡിവൈ.എസ്.പി ബൈജു പൗലോസ് തലവനായ അന്വേഷണസംഘമാണ് ബാലചന്ദ്രകുമാറിൽനിന്ന് മൊഴിയെടുത്തത്. എ.ഡി.ജി.പി എസ്. ശ്രീജിത്തിനാണ് അന്വേഷണച്ചുമതല.
തന്റെ കൈയിലുള്ള തെളിവുകൾ വ്യാജമല്ലെന്ന് പിന്നീട് ബാലചന്ദ്രകുമാർ പ്രതികരിച്ചു. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയിട്ടുണ്ട്. ഇവയിലെ ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാം. ഇരുപതോളം ക്ലിപ്പിങ്ങുകള്‍ വേറെയുമുണ്ട്. കേസില്‍ കൂടുതല്‍ സാക്ഷികള്‍ അടുത്ത ദിവസങ്ങളില്‍ രംഗത്ത് വരും.
സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് തെളിവുണ്ട്. കൂറുമാറ്റാന്‍ സാമ്പത്തികവും കായികവുമായ ശ്രമങ്ങള്‍ നടന്നു. ഇതിന്റെ തെളിവുകളും കൈമാറി. സാക്ഷികളെ ദിലീപിന്റെ സഹോദരന് അനൂപും സഹോദരി ഭര്‍ത്താവ് സുരാജും സ്വാധീനിച്ചതിന് കൃത്യമായ തെളിവുണ്ട്. എങ്ങനെയാണ് ഡീല്‍ നടത്തിയതെന്ന് വിശദമാക്കുന്നതിനും തെളിവുണ്ട്. നടിയെ ആക്രമിച്ച ദൃശ്യം പകര്‍ത്തിയ പെന്‍ഡ്രൈവ് കൊണ്ടുകൊടുത്ത സാഗര്‍ പണം വാങ്ങിയാണ് കൂറുമാറിയത്. ഇതിനുശേഷവും സാഗർ പണം ആവശ്യപ്പെട്ടു. സാഗര്‍ കൂറുമാറിയതിന്റെ വിശദാംശങ്ങളും ഇക്കാര്യം ദിലീപ് പറയുന്നതിന്റെ തെളിവും കൈവശമുണ്ടെന്നും ബാലചന്ദ്രകുമാര്‍ അവകാശപ്പെട്ടു. നടിയെ ആക്രമിച്ച കേസിൽ ബുധനാഴ്ച ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് എടുക്കും. ഇതിനായി കോടതി അദ്ദേഹത്തിന് സമൻസ് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.