ആലത്തൂർ: തോണിപ്പാടം അമ്പലപറമ്പിൽ ബന്ധുക്കളുടെ ആക്രമണത്തിൽ കുടുംബനാഥൻ മരിച്ചു. തോണിപ്പാടം അമ്പാട്ട്പറമ്പിൽ ബാപ്പുട്ടിയാണ് (63) മരിച്ചത്. ഭാര്യ ബീക്കുട്ടി, മക്കളായ സലീന, ഷമീന എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാപ്പുട്ടിയുടെ പിതൃസഹോദരന്റെ മകനെയും അയാളുടെ മകനെയും ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെക്കൂടാതെ ബന്ധുവായ 17കാരൻ കൂടി പ്രതിസ്ഥാനത്തുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പ് പിതൃസഹോദരന്റെ മകന്റെ വീട്ടിലെ പശുതൊഴുത്തിലെ വെള്ളം ബാപ്പുട്ടിയുടെ വീടിന് മുമ്പിലൂടെ ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ വഴക്കിൽ ബാപ്പുട്ടിയ മർദിച്ച് കാലിനും കൈക്കും ഗുരുതര പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് ബാപ്പുട്ടി ചികിത്സയിലായിരുന്നു. കേസിൽ റിമാൻഡിലായിരുന്ന പിതൃസഹോദരന്റെ മകൻ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.
ഈ വൈരാഗ്യത്താൽ വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും ബാപ്പുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വടിയും മറ്റും കൊണ്ടുള്ള അടിയിൽ അവശനിലയിലായ ബാപ്പുട്ടിയെ ആദ്യം ജില്ല ആശുപത്രിയിലെത്തിച്ചു. തുടർന്ന് രാത്രി പത്തോടെ തൃശൂർ മിഷൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ബാപ്പുട്ടിയുടെ മറ്റൊരു മകൻ: പരേതനായ സലീം. മരുമക്കൾ: ഫൈസൽ, ഷാജി. പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ശനിയാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ച് തോണിപ്പാടം പുതുക്കുള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.