ബംഗളൂരു: ഉസ്ബെകിസ്താൻ വനിത ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. ഹോട്ടൽ ജീവനക്കാരായ റോബർട്ട്, അമൃത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും അസമീസ് സ്വദേശികളാണ്. ബുധനാഴ്ചയാണ് ഉസ്ബെകിസ്താൻ സ്വദേശിയായ സെറീനയെ(27) ബംഗളൂരുവിലെ ജഗദീഷ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശ കറൻസിയും മൊബൈൽ ഫോണും കവരാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കൃത്യം നടത്തിയ ശേഷം ഇരുവരും കേരളത്തിലേക്ക് കടക്കുകയായിരുന്നു.
വൃത്തിയാക്കാനാണ് റോബർട്ടും അമൃതും സെറീനയുടെ മുറിയിലെത്തിയത്. എന്നാൽ അനുവാദമില്ലാതെ മുറിയിൽ പ്രവേശിച്ചതിനെ സെറീന ചോദ്യം ചെയ്തു. ഇത് തർക്കത്തിൽ കലാശിക്കുകയും പ്രതികൾ സെറീനയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഹോട്ടൽ മുറിയുടെ വാതിൽ പൂട്ടി പ്രതികൾ രക്ഷപ്പെട്ടു. സെറീനയുടെ കൈവശമുണ്ടായിരുന്ന 13,000 രൂപയും കുറച്ച് ഉസ്ബെക് കറൻസിയും മൊബൈൽ ഫോണും പ്രതികൾ കവർന്നു. അന്വേഷണത്തിനിടെ പുറത്തു നിന്ന് ആരും ഹോട്ടൽമുറിയിലെത്തിയിട്ടില്ലെന്ന് മനസിലായി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
ഹോട്ടലിലെ രണ്ടു ജീവനക്കാരെ കാണാനില്ലെന്നും ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ആണെന്നും പൊലീസ് കണ്ടെത്തി. 10 ദിവസത്തെ സന്ദർശനത്തിനായി മാർച്ച് അഞ്ചിനാണ് സെറീന ബംഗളൂരുവിലെത്തിയത്. അന്നുമുതൽ അതേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. 5500 രൂപയായിരുന്നു ഹോട്ടൽ മുറിയുടെ ദിവസ വാടക. മാർച്ച് 13നാണ് കൊലപാതകം നടന്നത്. സംഭവദിവസം സെറീനയെ ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് ട്രാവൽ ഏജന്റാണ് ഹോട്ടൽ അധികൃതരെ വിവരം അറിയിച്ചത്. തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.