പട്ന: അടുത്ത ബന്ധുവായ 18കാരന്‍റെ കൂടെ ജീവിക്കാനായി ഭർത്താവിന്‍റെ കൊലപാതകം ആസൂത്രണം ചെയ്ത് യുവതി. ബിഹാറിലെ മധുബനി ജില്ലയിലാണ് സംഭവം. പാൻഡൗൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭഗവതിപൂർ സ്വദേശിയായ മുഹമ്മദ് മഷൂക് ആണ് കൊല്ലപ്പെട്ടത്.
സെപ്റ്റംബർ 15ന് ഭൈരാവ്നാഥ് ഗ്രാമത്തിൽ നിന്നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തത്. അന്വേഷണത്തിനിടെയാണ് മഷുകിന്‍റെ ഭാര്യ നസീമ ഖാത്തൂന് അടുത്ത ബന്ധുവായ 18കാരനുമായി അവിഹിത ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത്.
'18കാരൻ ഇടക്കിടെ വീട്ടിൽ സന്ദർശനത്തിനെത്തുന്ന കാര്യം പറഞ്ഞ് മഷൂകും ഭാര്യ നസീമ ഖാത്തൂനും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു'- ഭവാനിപൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
'മൂന്ന് കുട്ടികളുടെ അമ്മയായ നസീമ ഖാത്തൂൻ ചോദ്യം ചെയ്യലിൽ ബന്ധുവായ മുഹമ്മദ് സോനുവുമായി ബന്ധമുണ്ടെന്ന കാര്യം നിഷേധിച്ചിരുന്നു. എന്നാൽ പിന്നീട് സമ്മതിക്കുകയായിരുന്നു' -പൊലീസ് കൂട്ടിച്ചേർത്തു.
ഭർത്താവിന്‍റെ കടുത്ത ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്നാണ് ബന്ധുവുമായി അടുത്തതെന്ന് യുവതി പറഞ്ഞു. ഒരുമിച്ച് താമസിക്കാനായി ഇരുവരും മഷൂകിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. സുഹൃത്തുക്കളായ മൂന്ന് പേരുടെ സഹായത്തോടെയാണ് സോനു മഷൂകിനെ കൊലപ്പെടുത്തിയത്.
'സോനു, മുഹമ്മദ് ബക്ത്, മുഹമ്മദ് ഉജൈർ, മുഹമ്മദ് ഇക്റാം എന്നിവരെ അറസ്റ്റ് ചെയ്തു. മദ്യം കഴിക്കാൻ ക്ഷണിച്ച ശേഷം മെഹന്ത് പൂളിനടുത്ത് വെച്ച് മഷൂകിനെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് സോനുവിന്‍റെ സുഹൃത്ത് പറഞ്ഞു' -പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
നസീമയുടെ മാതാവിനും ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് പ്രതികളിൽ ഒരാൾ മൊഴി നൽകി. അറസ്റ്റ് ചെയ്ത പ്രതികളെ ജയിലിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.