കോതമംഗലം: ബൈക്ക് മോഷ്ടാക്കളായ സഹോദരങ്ങളടക്കം മൂന്ന് പേർ പിടിയിലായി. ആയക്കാട് മറ്റത്തിൽ മഹിലാൽ (23), ഇയാളുടെ സഹോദരൻ മിഥുൻ ലാൽ (20), നെല്ലിക്കുഴി പാറക്കൽ അച്ചു (23) എന്നിവരെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. കഴിഞ്ഞ നവംബറിൽ നടന്ന ബൈക്ക് മോഷണ കേസിലാണ് അറസ്റ്റ്.
കോതമംഗലം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള സ്ഥിരം മോഷ്ടാവാണ് മഹിലാൽ. പൊലീസിന്റെ നിരന്തര നിരീക്ഷണത്തിനൊടുവിൽ ഇയാളെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് സഹോദരൻ മിഥുൻ ലാൽ, അച്ചു എന്നിവരെ പിടികൂടിയത്. രാമല്ലൂർ ഭാഗത്തുനിന്ന് രണ്ട് മോേട്ടാറുകൾ മോഷണം നടത്തിയതും ഇവരാണെന്ന് തെളിഞ്ഞു. ഇൻസ്പെക്ടർ പി.ടി.ബിജോയ്, എസ്.ഐ അൽബിൻ സണ്ണി, എ.എസ്.ഐ കെ.എം.സലിം, എസ്.സി.പി.ഒ മാരായ പി.ജെ.ദിലീപ്, ജോസ് ബിനോ തോമസ്, സുനിൽ മാത്യു, പി.എം.അജിംസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
കിഴക്കമ്പലം: ഒരു കിലോ അമ്പത് ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കിഴക്കമ്പലം വിലങ്ങിൽ വാടകയ്ക്ക് താമസിക്കുന്ന അടിമാലി തണ്ടേൽ ഷമീർ (28), അടിമാലി മന്നംകണ്ടം തുമ്പലാത്ത് വീട്ടിൽ അബിൻസ് (29) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കാറിൽ പട്ടിമറ്റം കോട്ടമല ഭാഗത്ത് കഞ്ചാവ് വിൽപനക്ക് എത്തിക്കുമ്പോഴാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എ.എസ്.പി ജുവനപ്പടി മഹേഷ്, ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്.ഐ. എ.എൽ. അഭിലാഷ്, എ.എസ്.ഐ വേണുഗോപാൽ എസ്.സി.പി.ഒമാരായ പി.എ. അഫ്സൽ, അലിക്കുഞ്ഞ്, അജിൽ കുമാർ, അഭിലാഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
വൈക്കം: മുക്കുപണ്ടം നൽകി പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പെരുമ്പാവൂർ ആലപ്ര വെങ്ങോല പട്ടരുമഠം വീട്ടിൽ നൗഷാദ് (48), പെരുമ്പാവൂർ അറക്കൽപടി വെങ്ങോല കുടിലിങ്കൽ വീട്ടിൽ റഹീം കെ.യൂസഫ് (47) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴയിലെ വ്യാപാരിയെയാണ് ഇവർ കബളിപ്പിച്ചത്.
കഴിഞ്ഞദിവസം കേരള ബാങ്കിന്റെ വൈക്കം ചെമ്പ് ശാഖയിൽ പണയത്തിലിരിക്കുന്ന ഇവരുടെ സ്വർണാഭരണങ്ങൾ വിൽക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് തൊടുപുഴയിലെ വ്യാപാരിയെ ഇവർ സമീപിച്ചു. ഇതിനായി വ്യാപാരിയിൽനിന്ന് 2,34,000 രൂപ വാങ്ങി. തുടർന്ന് ബാങ്കിലെത്തിയ വ്യാപാരിക്ക് ഇവർ മുക്കുപണ്ടം നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ല പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം ഇവരിലൊരാളെ ചെമ്പിൽനിന്നും മറ്റൊരാളെ പെരുമ്പാവൂരിൽനിന്നും പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളായ നൗഷാദിന് വെള്ളത്തൂവൽ, പെരുമ്പാവൂർ, കോടനാട്, കുന്നത്തുനാട്, ഷൊർണൂർ, പെരിന്തൽമണ്ണ, തിരുവനന്തപുരം മെഡിക്കൽ കോളജ്, എറണാകുളം സെൻട്രൽ, കുറുപ്പുംപടി, ചെങ്ങമനാട്, എടത്തല സ്റ്റേഷനുകളിലായി സമാനമായ 16 കേസുകൾ നിലവിലുണ്ട്. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്.ഐ അജ്മൽ ഹുസൈൻ, അബ്ദുൽ സമദ്, സി.പി.ഒമാരായ ശിവദാസ പണിക്കർ, സന്തോഷ്, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.