മലയാളി ബൈക്ക് യാത്രികന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; നാല് വർഷത്തിന് ശേഷം ഭാര്യ അറസ്റ്റിൽ

ജയ്പൂർ: നാല് വർഷം മുമ്പ് മലയാളി ബൈക്ക് യാത്രികന്‍ രാജസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട അസ്ബാക് മോന്‍റെ ഭാര്യ സുമേര പർവേസിനെ ജയ്സാൽമീർ പൊലീസ് അറസ്റ്റ് ചെയ്തു. സൈബർ സെല്ലിന്‍റെ സഹായത്തോട ബംഗളുരുവിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇസ്ബാകിന്‍റെ രണ്ട് സുഹൃത്തുക്കൾ നേരത്തെ അറസ്റ്റിലായിരുന്നു.

2018 ആഗസ്റ്റിൽ സുഹൃത്തുക്കളായ സഞ്ജയ് കുമാർ, വിശ്വാസ്, അബ്ദുൽ സാബിർ എന്നിവർക്കൊപ്പം മോട്ടോർ സ്‌പോർട്‌സ് മൽസരത്തിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ നിന്ന് ജയ്‌സാൽമീറിലേക്ക് പോയതായിരുന്നു അസ്ബാക്. മത്സരത്തിന് മുമ്പ് മരുഭൂമിയിൽ നടന്ന പരിശീലനത്തിനിടെയാണ് അസ്ബാകിന്‍റെ മരണം. മരുഭൂമിയിൽ വെച്ച് വഴിതെറ്റിയെന്നും നിർജ്ജലീകരണം മൂലമാണ് മരിച്ചതെന്നുമാണ് പൊലീസ് സംശയിച്ചിരുന്നത്. സി.ആർ.പി.സി വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം പിന്നീട് പൊലീസ് അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ, അസ്ബാകിന്‍റെ അമ്മയും സഹോദരനും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചതിനെ തുടർന്നാണ് കേസിൽ കൂടുതൽ അന്വേഷണം നടത്തിയത്. അസ്ബാക്കിന്‍റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിന് അടിയേറ്റാണ് മരിച്ചതെന്ന് സൂചിപ്പിച്ചിരുന്നു. തുടർന്ന് ജയ്‌സാൽമീർ പൊലീസ് സൂപ്രണ്ട് അജയ് സിങ് നടത്തിയ അന്വേഷണത്തിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.

സുമേര പർവേസിനും അബ്ദുൽ സാബിറിനുമെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രതിയെ പിടികൂടാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞയാഴ്ച ജയ്‌സാൽമീർ എസ്‌.പി ഭൻവർ സിങ് നതാവത്ത് രൂപീകരിച്ച സൈബർ സെൽ വിദഗ്ധർ അടങ്ങുന്ന പ്രത്യേക സംഘമാണ് സുമേരയെ കസ്റ്റഡിയിലെടുത്തത്.

Tags:    
News Summary - Biker death case: Cops held wife who plotted husband's murder with friends after 4 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.