പാലേരി: കന്നാട്ടിയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്. കടുക്കാം കുഴിയില്‍ ശ്രീനിവാസന്റെ വീടിനുനേരെയാണ് ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെ ബോംബെറിഞ്ഞത്. ശ്രീനിവാസന്റെ മകന് ശിവപ്രസാദ് ആര്.എസ്.എസ് പ്രവര്‍ത്തകനാണ്. വീടിന്റെ മുന്‍വശത്തെ ജനല്‍, സ്റ്റപ്പ് എന്നിവ തകര്‍ന്നു. വീടിന്റെ ഫില്ലറിനും കേടുപാട് പറ്റിയിട്ടുണ്ട്. വീടിന് മുന്നില്‍ പട്ടിയെ കെട്ടിയിരുന്നു. അതിനാല്‍, റോഡില്‍നിന്നാണ് ബോംബ് എറിഞ്ഞതെന്ന് കരുതുന്നു. പേരാമ്പ്ര എ.എസ്.പി ടി.കെ. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സ്ഥലത്തെത്തി. സ്റ്റീല്‍ ബോംബാണ് എറിഞ്ഞത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നതിനിടയിലാണ് സംഭവം.
ശനിയാഴ്ച പാലേരിയിലും കന്നാട്ടിയിലും പൊലീസ് ദ്രുതകർമസേന ഫ്ലാഗ് മാര്‍ച്ച് നടത്തിയിരുന്നു. ഒരാഴ്ച മുമ്പേ വടക്കുമ്പാട് നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മർദനമേറ്റിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് പാലേരി കോങ്ങോടുമ്മല്‍ വിപിന്റെ വീടിനുനേരെ ബോംബേറുമുണ്ടായി. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം തുടരുന്നതിനിടയിലാണ് വീണ്ടും ആക്രമണം നടന്നത്. കഴിഞ്ഞദിവസം ഇവിടെ ഇരു രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ധാരണയായിരുന്നു. ഈ തീരുമാനത്തിലെ മഷി ഉണങ്ങും മുമ്പാണ് വീണ്ടും ആക്രമണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.