സവോപോളോ: ബ്രസീലിനെ ഞെട്ടിച്ച് വൻ ബാങ്കുകവർച്ച. 20ഓളം വരുന്ന സംഘം അരാകറ്റുബ പട്ടണം കീഴടക്കി വാഹനങ്ങൾക്ക് തീയിട്ടും ടയറുകൾ കത്തിച്ച് റോഡുകളിൽ ഗതാഗതം മുടക്കിയുമായിരുന്നു മൂന്നു ബാങ്കുകളിൽ കൊള്ള നടത്തിയത്. ഇതുകഴിഞ്ഞ് നഗരത്തിലുണ്ടായിരുന്ന നിരവധി പേരെ ബന്ദികളാക്കി വാഹനങ്ങളിൽ കെട്ടിയിട്ട് സംഘം രക്ഷപ്പെട്ടു. ബന്ദികൾ മോചിതരായോ എന്ന് വ്യക്തമല്ല. മൂന്നു പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ ഒരാൾ കവർച്ച സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറയുന്നു.
ബാങ്കു കവർച്ച സംഭവങ്ങൾ അടുത്തിടെ വർധിച്ചുവരുന്ന ബ്രസീലിനെ ശരിക്കും മുൾമുനയിലാക്കിയാണ് കഴിഞ്ഞ ദിവസം രാത്രി വൻ കവർച്ച അരങ്ങേറിയത്. 50ലേറെ വരുന്ന സംഘം എത്തിയെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും ഇത് 15-20 പേരാണെന്ന് പിന്നീട് പൊലീസ് തിരുത്തി. കൊള്ള വിഡിയോയിൽ പകർത്തിയ ആളെ സംഘം വെടിവെച്ചുകൊന്നു. പൊലീസുമായി ഏറ്റുമുട്ടലിനിടെ കവർച്ച സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു. മൂന്നാമത് ഒരു സ്ത്രീയുമാണ് മരണത്തിന് കീഴടങ്ങിയത്.
സംഘം റോഡിൽ വിതറിയ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് അതുവഴി സൈക്കിളിൽ സഞ്ചരിച്ച ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടണത്തിലുടനീളം സംഘം സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചത് അപകട ഭീഷണി ഉയർത്തുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകി. മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആക്രമണം നടന്നതിങ്ങനെ:
സർവായുധ സജ്ജരായ സംഘം തിങ്കളാഴ്ച പുലർച്ചെ സമയത്ത് അരാകറ്റുബ പട്ടണ മധ്യത്തിൽ എത്തുന്നു. മൂന്നു ബാങ്കുകളിൽ കവർച്ച പൂർത്തിയാക്കിയ സംഘം കാഴ്ച കണ്ടുനിന്ന നിരവധി പേരെ ബന്ദിയാക്കി. ഇതുകഴിഞ്ഞ് പ്രദേശത്തെ പൊലീസ് സ്റ്റേഷനും സംഘം വളഞ്ഞു. പട്ടണത്തിലേക്ക് എത്താനുള്ള റോഡുകളിൽ കാറുകൾക്കും ടയറുകൾക്കും തീയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. സുരക്ഷിതമെന്ന് ഉറപ്പുവരുത്താൻ ഇവർ എത്തിയ കാറുകൾക്ക് മുകളിലും ബോണറ്റിലും ആളുകളെ കെട്ടിയിട്ടായിരുന്നു മടക്കം. പലരെയും അപകടകരമായ നിലയിരുന്നു കെട്ടിയിട്ടത്. ഇവരുമായി മടങ്ങുന്നതിനിടെ വെടിയൊച്ചകൾ കേൾക്കുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ജനം തെരുവിലിറങ്ങിയതിനാൽ പൊലീസിന് വേണ്ടത്ര ഇടപെടാൻ കഴിഞ്ഞില്ലെന്ന് സ്ഥലം മേയർ ഡിലാഡർ ബൊർഹെസ് പറഞ്ഞു. പട്ടണത്തിന്‍റെ നിയന്ത്രണം തിരിച്ചുപിടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനം ഭയന്നുപോയതിനാൽ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.
2017ലും ഇതേ പട്ടണത്തിൽ സമാനമായ ആക്രമണവും കവർച്ചയും നടന്നിരുന്നു. 1920കളിലും 30കളിലും ബ്രസീലിൽ പിടിമുറുക്കിയ പ്രത്യേക സംഘമായിരുന്ന 'കൻഗാചോ' മാതൃകയിലാണ് പുതിയ കവർച്ചകളുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിരവധി അക്രമികൾ ചേർന്നാകും ഇത്തരം കവർച്ചകൾ നടത്തുക. ബാങ്കുകളും വിലപിടിപ്പുള്ള വസ്തുക്കൾ വിൽക്കുന്ന കടകളുമാകും ഇവരുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.