തിരുവനന്തപുരം: ബ്രൂവറി അഴിമതിക്കേസിൽ ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ സർക്കാറിന് നിർദേശം നൽകണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല എം.എൽ.എ കോടതിയിൽ ഹരജി നൽകി. ചെന്നിത്തലയുടെ ആവശ്യം നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് വിജിലൻസ് വാദിച്ചു. വാദം തള്ളിയ കോടതി തർക്കഹരജി സമർപ്പിക്കാൻ വിജിലൻസിന് നിർദേശം നൽകി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി ജി. ഗോപകുമാറിന്റേതാണ് ഉത്തരവ്.
ബ്രൂവറിക്ക് ലൈസൻസ് നൽകിയ സമയത്തുള്ള സർക്കാർ ഫയലുകൾ കോടതിയിൽ ഹാജരാക്കാൻ നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ കേസിൽ കോടതി മൊഴിയെടുക്കുന്ന സമയത്ത് ഫയലുകൾ സാക്ഷിയെ കാണിച്ച് രേഖപ്പെടുത്താൻ സാധിക്കില്ലെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ ശൈലജൻ വാദിച്ചു. കേസിൽ അന്വേഷണം നടക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ വരെ നിയമഭേദഗതികൾ തടസ്സമാകുമെന്നും വാദമുയർന്നു.
ക്രിമിനൽ നടപടിച്ചട്ടം അനുസരിച്ച് ഒരു വ്യക്തി അപേക്ഷ സമർപ്പിച്ചാൽ അതിന്മേൽ നടപടിയെടുക്കണമെന്ന് കോടതി മറുപടി നൽകി. അന്വേഷണം വേണോ, വേണ്ടേ എന്നത് വിധി വന്നതിന് ശേഷമേ പറയാൻ കഴിയൂ. ഇപ്പോൾ നടപടികൾ അതിന്‍റെ വഴിക്ക് പോകേട്ടയെന്നും കോടതി വിശദീകരിച്ചു.
കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ രമേശ് ചെന്നിത്തലയുടെ മൊഴിയെടുത്തശേഷം മുൻ മന്ത്രിമാരെ സാക്ഷികളായി വിസ്തരിക്കാൻ സമൻസ് നൽകിയിരുന്നു. ഇതനുസരിച്ച് വി.എസ്. സുനിൽകുമാറിന്‍റെ അഭിഭാഷകൻ കോടതിൽ ഹാജരായി. എന്നാൽ ഇ.പി. ജയരാജനയച്ച സമൻസ് മടങ്ങിവരാത്തതിനാൽ ജഡ്ജി തപാൽ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മേയ് 21ന് കേസ് വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്‌ണൻ, മുൻ എക്‌സൈസ് കമീഷണർ ഋഷിരാജ് സിങ്, ബ്രൂവറി-ഡിസ്റ്റിലറി അനുമതി ലഭിച്ച ജില്ലകളിലെ ഡെപ്യൂട്ടി കമീഷണർമാർ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.