പഴനി (തമിഴ്നാട്): ഏറെ സമയം മൊബൈൽ ഫോണിൽ സംസാരിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് യുവതിയെ സഹോദരൻ കൊലപ്പെടുത്തി. ദിണ്ടിഗൽ ജില്ലയിലെ പഴനിയിലാണ് ദാരുണ സംഭവം. മുരുകേശന്‍റെ മകൾ ഗായത്രിയാണ് (16) മരിച്ചത്. സഹോദരൻ ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മുരുകേശന്‍റെ ഇളയ മകളായ ഗായത്രിയെ കഴിഞ്ഞ ദിവസം രാത്രി പഴനിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗായത്രിയുടെ കഴുത്തിൽ കണ്ട പാടുകളാണ് ഡോക്ടർമാരിൽ സംശയം ജനിപ്പിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗായത്രി ഏറെ നേരം ഫോണിൽ സംസാരിക്കുന്നത് ബാലമുരുകന് ഇഷ്പെട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ തനിച്ചായ സമയത്ത് ഗായത്രി ഏറെ നേരം ഫോണിൽ സംസാരിക്കുന്നത് കണ്ട് ദേഷ്യപ്പെടുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഇരുവരും തമ്മിലുള്ള തർക്കത്തിൽ ക്ഷുഭിതനായ ബാലമുരുകൻ ഗായത്രിയെ ശക്തമായി അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്യുകയായിരുന്നു. സംഭവം ഗ്രാമത്തിൽ വലിയ കോളിളക്കമുണ്ടാക്കി. ഇതേത്തുടർന്ന് പൊലീസ് കേസെടുക്കുകയും ബാലമുരുകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
കൊലപാതകത്തിൽ കുടുംബത്തിന് പങ്കുണ്ടോ, സംഭവം നടക്കുമ്പോൾ കുടുംബം എവിടെയായിരുന്നു, ആരുമായിട്ടാണ് ഗായത്രി ഫോണിൽ സംസാരിച്ചിരുന്നത് എന്നീ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.