നിലമ്പൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ടര ലക്ഷത്തോളം വില വരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് മോഷണം പോയ കേസില്‍ ഒരു പ്രതികൂടി പിടിയില്‍. മഞ്ചേരി തൃപ്പനച്ചി മൂന്നാംപടി സ്വദേശി വാരിയക്കുത്ത് ഫവാസാണ് (22) പിടിയിലായത്.
ആറ് പ്രതികളുള്ള കേസിൽ ഇതോടെ അഞ്ച് പേര്‍ പിടിയിലായി. മോഷ്ടിച്ചതാണെന്ന് അറിഞ്ഞ്കൊണ്ട് ബുള്ളറ്റ് വാങ്ങിയതിനാണ് ഫവാസ് പ്രതിയായത്. കേടായ ബുള്ളറ്റിലേക്ക് ആവശ്യമായ പാര്‍ട്സുകള്‍ എടുക്കാന്‍ വേണ്ടിയാണ് ഫവാസ് സഹോദരന്‍ വഴി തുച്ഛമായ വിലക്ക് ബൈക്ക് വാങ്ങിയത്.
കോഴിക്കോട് മുക്കത്ത് നിന്നു മോഷ്ടിച്ച പള്‍സര്‍ ബൈക്കും മോഷണ സംഘത്തില്‍ നിന്ന് ഇവര്‍ വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് മോഷ്ടാക്കള്‍ തന്നെ തിരിച്ചെടുത്തു. കൗമാരക്കാർ ഉൾപ്പെട്ട സംഘത്തിലെ ചിലർ പൊലീസ് പിടിയിലായതോടെ ഫവാസ് ഒളിവിൽ പോവുയായിരുന്നു.
മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കേസിലെ പ്രധാന പ്രതികളായ മൂന്ന് പേരെ നേരത്തെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റുകള്‍ ഉൾപ്പെടെ സംഘം മോഷ്ടിച്ച ഒമ്പത് ബൈക്കുകള്‍ ഇവരില്‍ നിന്നു പിടിച്ചെടുത്തിരുന്നു.
മോഷ്ടിച്ച ബൈക്കില്‍ രാത്രി സമയങ്ങളില്‍ കറങ്ങി ലോക്ക് പൊട്ടിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. പിന്നീട് ആരുടെയും ശ്രദ്ധയില്‍ പെടാത്ത സ്ഥലങ്ങളില്‍ ഒളിപ്പിക്കും. തൊട്ടടുത്ത ദിവസം സംഘത്തിലെ വേറെ ആളുകള്‍ വന്ന് വാഹനം അവിടെ നിന്നു എടുത്ത് പുതിയ ലോക്കും കൃത്രിമ നമ്പര്‍ പ്ലേറ്റും ഘടിപ്പിക്കും.
വാഹനത്തിന് ആവശ്യക്കാരെ കണ്ടെത്തി വിൽപന നടത്തുന്നതും ഇവരുടെ ജോലിയാണ്. കിട്ടുന്ന പണം വീതിച്ചെടുക്കും. രേഖകളില്ലാതെ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന വാഹനങ്ങള്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായ അറിവോടെ തന്നെ വാങ്ങാനും ആളുകളുണ്ട്.
കോഴിക്കോട് ജില്ലയിലെ മുക്കം, കുന്ദമംഗലം സ്റ്റേഷന്‍ പരിധികളില്‍ നിന്നു സംഘം ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ട്. നിലമ്പൂര്‍ വടപുറത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് പൊലീസ് കണ്ടെടുത്തു. നിലമ്പൂർ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.