തൃശൂർ: നഗരത്തിലെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഒമ്പത് ബസ് ഡ്രൈവർമാർ അറസ്റ്റിലായി. കുന്നംകുളം കിഴൂർ കൈപ്പറമ്പിൽ അനൂപ് (33), താന്ന്യം ചെമ്മാപ്പിള്ളി മോങ്കാട്ടുകര സബിൻ (40), വെളുത്തൂർ കുന്നത്തങ്ങാടി കളപ്പുരപറമ്പിൽ ഗോകുൽ (34), കോഴിക്കോട് ഫറോക്ക് കെ.കെ.പി ഹൗസിൽ റിയാസ് (36), പുറനാട്ടുകര തെക്കനത്ത് കിഷോർ തോമസ് (38), പുത്തൂർ വെട്ടുകാട് ചീരോത്ത് സുധീർ (48), മണലിത്തറ കൊരചിറ ഉള്ളാട്ടുകുടിയിൽ ജോർജ്, അട്ടപ്പിള്ളി കടലാശ്ശേരി വടക്കിട്ടി വിപിൻ (32), അട്ടപ്പിള്ളി നന്തിപുലം കാട്ടൂർ സുഭാഷ് (33) എന്നിവരാണ് അറസ്റ്റിലായത്.
തൃശൂർ നഗരത്തിൽനിന്ന് സർവിസ് നടത്തുന്ന സ്വകാര്യബസുകളിലെ ഡ്രൈവർമാരിൽ പലരും മദ്യവും മയക്കുമരുന്നും ഉപയോഗിച്ചാണ് ബസ് ഓടിക്കുന്നതെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കമീഷണർ ആർ. ആദിത്യ മിന്നൽ പരിശോധനക്ക് ഉത്തരവിട്ടത്. തൃശൂർ എ.സി.പി കെ.കെ. സജീവ്, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ശക്തൻ നഗർ, വടക്കേച്ചിറ ബസ് സ്റ്റാൻഡുകളിൽ നടത്തിയ പരിശോധനയിലാണ് ഡ്രൈവർമാർ പിടിയിലായത്.
ഇവരെ വൈദ്യപരിശോധനക്ക് വിധേയമാക്കി മദ്യപിച്ചത് സ്ഥിരീകരിച്ചു. രാവിലെ ആറുമുതൽ ഏഴര വരെയായിരുന്നു പരിശോധന. കഴിഞ്ഞാഴ്ച കൊടുങ്ങല്ലൂരിലും തൃപ്രയാറിലും ബസ് ഡ്രൈവർമാർ ലഹരിവസ്തുക്കളുമായി പിടിയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് തൃശൂരിൽ ബസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കാർ ഇടിച്ചുതകർത്ത് ഡ്രൈവറെ ആക്രമിച്ചിരുന്നു.
മത്സരയോട്ടവും ബസ് തൊഴിലാളികൾ തമ്മിലെ തർക്കങ്ങളും അമിതവേഗവും ഡ്രൈവർമാരുടെ ജാഗ്രതയില്ലായ്മയും മൂലം അപകടങ്ങൾ വർധിച്ചതും പരിശോധനക്ക് കാരണമായിരുന്നു. ദിവസങ്ങൾക്കുമുമ്പ് തൃശൂർ ശക്തൻ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യബസിന്‍റെ ചില്ലുകൾ മറ്റൊരു ബസിലെ ജീവനക്കാരൻ തല്ലിയുടച്ചത് മത്സരയോട്ടത്തിലെ വൈരാഗ്യമായിരുന്നു.
തൃശൂർ നഗരത്തിൽ തുടങ്ങിവെച്ച മിന്നൽ പരിശോധന വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ബസ് സ്റ്റാൻഡുകളിലേക്കും റോഡുകളിലേക്കും വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.