കോഴിക്കോട്: കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ വടകര സ്വദേശികളെ സ്വകാര്യ ഏജൻസി കൈമാറിയത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന കമ്പനിക്ക്. ഇന്ത്യൻ എംബസിയുടെയും മലയാളി അസോസിയേഷന്റെയും സഹായത്താലാണ് നാട്ടിലെത്തിയത്, ഇന്ത്യക്കാരടക്കമുള്ളവരെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയാക്കാനാണ് തങ്ങളെ നിയോഗിച്ചത് -ഇരകൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയത്.
തായ്ലൻഡിലെ സെയിൽസ് ആൻഡ് അഡ്വർട്ടൈസിങ് കമ്പനിയിൽ വൻ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് വടകര മണിയൂർ സ്വദേശികളായ അനുരാഗ്, അതിരാഥ്, മുഹമ്മദ് റസിൽ, പാലക്കാട് പട്ടാമ്പി സ്വദേശി നസറുദ്ദീൻ ഷാ എന്നിവരടങ്ങുന്ന സംഘമാണ് ഇരകളെ ബാങ്കോക്കിലെത്തിച്ചത്. പിന്നീട് കംബോഡിയ അതിർത്തിയായ പോയ് പെറ്റിലാണ് കമ്പനിയെന്നും അവിടെയെത്താനും നിർദേശിച്ചു.
സ്ഥാപനത്തിലെത്തിയതോടെ പാസ്പോർട്ട് അടക്കമുള്ള യാത്രാരേഖകൾ വാങ്ങിവെച്ചു. തുടർന്ന് പ്രത്യേകം സ്ക്രിപ്റ്റ് കൊടുത്ത് പഠിപ്പിച്ചശേഷം ഇന്ത്യയിലെ അടക്കം വിവിധ സംസ്ഥാനങ്ങളിലെ ആളുകളെ ഫോണിൽ വിളിച്ച് സാമ്പത്തിക തട്ടിപ്പിനിരയാക്കാൻ ഇവരെ നിയോഗിക്കുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പ് നടത്തുന്ന കമ്പനിയാണെന്ന് മനസ്സിലായതോടെ ഈ ജോലി ചെയ്യില്ലെന്ന് പറഞ്ഞു. ഇതോടെ ഉപദ്രവിക്കാൻ തുടങ്ങി. പിന്നീട് മറ്റൊരു സ്ഥാപനത്തിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി. ഇതിനിടെയും ക്രൂരമർദനം, ഷോക്കടിപ്പിക്കൽ, പട്ടിണിക്കിടൽ, മുറിയിൽ പൂട്ടിയിടൽ എന്നിവയുണ്ടായി.
ഇരുമ്പുവടി കൊണ്ട് അടിച്ച് കൂട്ടത്തിലുള്ള അജ്മലിന്റെ കൈയുടെ എല്ല് പൊട്ടി. ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലെത്തിച്ചവർ ഓരോരുത്തരെയും രണ്ടരലക്ഷം രൂപ തോതിൽ വാങ്ങി കമ്പനിക്ക് വിൽക്കുകയായിരുന്നു. മർദനമടക്കമുള്ള കാര്യങ്ങൾ ഏജൻസിയോട് പറഞ്ഞപ്പോഴാണ് തങ്ങളെ വിറ്റ് പണം വാങ്ങിയ കാര്യം അറിഞ്ഞത്. ഇത്രയും തുക തിരിച്ചടച്ചാലേ തങ്ങളെ വീടൂ എന്ന നിലവന്നതോടെ ഏജൻസിയും തങ്ങളെ തിരിഞ്ഞുനോക്കാതായി. കൊല്ലുമെന്ന ഭീഷണിവരെ കമ്പനിയിൽനിന്നുണ്ടായി.
അവസാനം മറ്റൊരു കമ്പനിക്ക് തങ്ങളെ വിൽപന നടത്താൻ കാറിൽ കൊണ്ടുപോയ ആളോട് കരഞ്ഞുപറഞ്ഞതിനാലാണ് രക്ഷപ്പെടാൻ വഴിയൊരുങ്ങിയത്. കംബോഡിയ അതിർത്തിയായ പോയ് പറ്റ് അടക്കമുള്ള സ്ഥലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന നിരവധി കമ്പനികളുണ്ടെന്നും അവിടങ്ങളിൽ മലയാളികൾ അടക്കമുള്ളവർ ജോലി ചെയ്യുന്നുണ്ടെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു.
ഹോട്ടൽ മാനേജ്മെന്റ് ജോലി അടക്കം പറഞ്ഞാണ് ഇവിടേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. തുടർന്ന് പാസ്പോർട്ടടക്കമുള്ള യാത്രരേഖകൾ തടഞ്ഞുവെക്കുകയും സാമ്പത്തിക തട്ടിപ്പ് ജോലി ചെയ്യിക്കുകയുമാണ്. തങ്ങൾക്ക് ഓരോരുത്തർക്കും ഒന്നരലക്ഷം രൂപ വീതമാണ് നഷ്ടമായത്. മാത്രമല്ല നാട്ടിലെ ജോലിയടക്കം രാജിവെച്ചാണ് പോയത്. ഇപ്പോൾ ജോലിയുമില്ലാത്ത സ്ഥിതിയാണെന്ന് അവർ പറഞ്ഞു. തൊഴിൽ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സ്ഥാപനത്തിന് തങ്ങളെ വിൽപന നടത്തിയെന്നുമുള്ള പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് മണിയൂർ സ്വദേശി അനുരാഗ് (24), പട്ടാമ്പി സ്വദേശി നസറുദ്ദീൻ ഷാ (25) എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. തട്ടിപ്പിനിരയായവരുടെ മൊഴി കോഴിക്കോട് റൂറൽ പൊലീസ് വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളെ തട്ടിപ്പിനിരയാക്കിയവർക്കെതിരെ കർശന നിയമനടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. വടകര സ്വദേശികളായ സമിൽ ദേവ്, അശ്വന്ത് ബാബു, എസ്.എ. അരുൺ, സി.പി. അഭിനന്ദ്, അഭിനവ് സുരേഷ്, ആലുവ സ്വദേശി റോഷൻ ആന്റണി, പൊന്നാനി സ്വദേശി അജ്മൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കോഴിക്കോട്: കംബോഡിയയിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സ്ഥാപനം ആളുകളെ കൊള്ളയടിക്കുന്നത് എസ്.ബി.ഐ കസ്റ്റമർ കെയറിൽനിന്നെന്ന് വിശ്വസിപ്പിച്ചാണെന്ന് ജോലി തട്ടിപ്പിനിരയായവർ. എസ്.ബി.ഐയുടെ കസ്റ്റമർ കെയറിൽനിന്നാണെന്ന് പരിചയപ്പെടുത്തിയശേഷം നിങ്ങളുടെ മേൽവിലാസവും ബാങ്ക് അക്കൗണ്ട് നമ്പറുമുപയോഗിച്ച് ആരോ വ്യാജമായി എസ്.ബി.ഐയുടെ ക്രെഡിറ്റ് കാർഡ് എടുത്തുവെന്നും അതിൽനിന്ന് ഒരുലക്ഷം രൂപ ചെലവാക്കിയെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ആദ്യം ചെയ്യുക. ഇത് പറയുമ്പോൾതന്നെ മറ്റു ബാങ്കുകളിലെ അക്കൗണ്ട് വിവരങ്ങൾ, അതിലെ നിക്ഷേപം അടക്കമുള്ളവ തന്ത്രപൂർവം ചോദിച്ച് മനസ്സിലാക്കുകയും ചെയ്യും.
ശേഷം എസ്.ബി.ഐയുടെ പരാതിയിൽ തങ്ങൾക്കെതിരെ കേസായിട്ടുണ്ടെന്നും ഡൽഹി പൊലീസ് ഉടൻ ബന്ധപ്പെടുമെന്നും പൊലീസ് പറയുന്നപോലെ ചെയ്താൽ കേസിൽ നിന്നൊഴിവാകാമെന്നും പറഞ്ഞ് ഫോൺ കട്ടാക്കും. തുടർന്ന്, കമ്പനിയിലെ സീനിയർ ജീവനക്കാർ ഡൽഹി പൊലീസിന്റെ ലോഗോ അടക്കം പ്രദർശിപ്പിച്ച മുറിയിൽനിന്ന് വ്യാജ യൂനിഫോമണിഞ്ഞ് ബന്ധപ്പെട്ടവരെ വിഡിയോ കോളിൽ വിളിച്ച് എസ്.ബി.ഐയുടെ പരാതിയിൽ കേസെടുത്തതായി പറയും. ഇതിനിടെ ആധാർ കാർഡ് നമ്പർ ഉൾപ്പെടെ സംഘടിപ്പിച്ച് പ്രസ്തുത വ്യക്തിക്കെതിരെ കേസെടുത്തതായുള്ള വ്യാജ വയർലസ് സന്ദേശം കേൾപ്പിച്ച് എല്ലാം സത്യമെന്ന് ബോധ്യപ്പെടുത്തുകയും വെർച്വൽ അറസ്റ്റിലാണെന്നും പറയും. തുടർന്ന് എസ്.ബി.ഐയുടെ അക്കൗണ്ട് നമ്പർ എന്നുപറഞ്ഞ് മറ്റൊരു അക്കൗണ്ട് നമ്പർ നൽകി മുഴുവൻ പണവും ഈ അക്കൗണ്ടിൽ തിരിച്ചടച്ചാൽ കേസിൽ നിന്നൊഴിവാക്കാമെന്നു പറയും. ഇതോടെ പലരും കേസ് ഭയന്ന് പണം നൽകുകയും തട്ടിപ്പിനിരയാവുകയും ചെയ്യും -കമ്പനിയിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.