മഞ്ചേരി: കാറില്‍ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ. ആനക്കയം ചേപ്പൂര് സ്വദേശി നെച്ചിക്കാടന് സാദിഖലിയെയാണ് (29) മഞ്ചേരി പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 15 കിലോ കഞ്ചാവ് കണ്ടെടുത്തു.
കോഴിക്കോട് റോഡിൽ മലബാര്‍ ജ്വല്ലറിക്ക് സമീപമാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരിയില്‍ ചില്ലറ വില്പനക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി സി.ഐ സി. അലവിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. രണ്ടു ദിവസം മുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തുനിന്ന് മൂന്നുപേരെ കഞ്ചാവുമായി പിടികൂടിയിരുന്നു.
എസ്.ഐമാരായ രാജേന്ദ്രന് നായര്‍, ഷാജിലാല്‍, ജില്ല ആൻറി നാര്‍കോട്ടിക് ടീം അംഗങ്ങളായ ഐ.കെ. ദിനേഷ്, മുഹമ്മദ് സലീം, പി. സവാദ്, പി. ഹരിലാല്‍, എം.പി. ലിജിന്‍, അരുണ്‍, ഷാനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. രണ്ട് ദിവസത്തിനിടെ 20 കിലോ കഞ്ചാവാണ് മഞ്ചേരിയിൽ പൊലീസ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആന്ധ്രപ്രദേശിൽനിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് എത്തിച്ച് നഗരത്തിൽ ചില്ലറവിൽപന നടത്തുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിന് സമീപത്തുനിന്ന് നാല് കിലോ കഞ്ചാവുമായി മൂന്ന് പേരെ പിടികൂടിയിരുന്നു. ഇവരും കാറിലാണ് കഞ്ചാവ് എത്തിച്ചത്. കഴിഞ്ഞ മാസം മഞ്ചേരി കുട്ടിപ്പാറയിൽനിന്ന് ബസിൽ കടത്തിക്കൊണ്ടുവന്ന എട്ടുകിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.