പെരുമ്പാവൂര്‍: ആന്ധ്രപ്രദേശില്‍നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിലായി. ഈസ്റ്റ് ഗോദാവരി കാക്കിനട ഗോളിലാപട്ട സ്വദേശി ധര്മതേജനെയാണ് (21) ആന്ധ്രപ്രദേശില്‍നിന്ന് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. കുന്നുവഴിയിലെ കൊറിയര്‍ സ്ഥാപനം വഴി കഴിഞ്ഞ ഒക്ടോബറില്‍ 30 കിലോ കഞ്ചാവ് കടത്തിയ സംഘത്തിന് കഞ്ചാവ് നല്‍കിയത് ഇയാളാണ്.
ഇതുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തികിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു. അതിന്റെ തുടരന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കൊറിയര്‍ വഴി കഞ്ചാവ് അയച്ച കളരിക്കല്‍ ഗോകുലിനെ ധര്‍മതേജ വിശാഖപട്ടണത്തിലെ ജയിലിലാണ് പരിചയപ്പെടുന്നത്. രണ്ടുപേരും കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഗോകുല്‍ കഞ്ചാവ് കച്ചവടത്തില്‍ ധര്‍മതേജയുടെ പങ്കാളിയായി.
നിരവധി പ്രാവശ്യം ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് വിവരമെന്ന് പൊലീസ് പറഞ്ഞു. ധര്‍മതേജയുടെ പിതാവും സഹോദരനും നിരവധി മോഷണ-കഞ്ചാവ് കേസുകളിലെ പ്രതികളാണ്. ആന്ധ്രയിലെ കാക്കിനടയെന്ന കടലോര പ്രദേശത്തുനിന്നാണ് ചെറുത്തുനില്പുകളെ അതിജീവിച്ച് പൊലീസ് ഇയാളെ സാഹസികമായി പിടികൂടിയത്.
ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്ത്, സബ് ഇന്‍സ്പെക്ടര്‍ റിന്‍സ് എം. തോമസ്, എ.എസ്.ഐ എന്‍.കെ. ബിജു, കുന്നത്തുനാട് എസ്.സി.പി.ഒ പി.എ. അബ്ദുല്‍ മനാഫ്, എം.ബി. സുബൈര്‍, ജിഞ്ചു കെ. മത്തായി തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.