തറാവീഹ് നമസ്‌കരിക്കുന്നതിനിടെ വിദേശ വിദ്യാര്‍ഥികളെ മർദിച്ച് പരിക്കേൽപിച്ച കേസ്: രണ്ടു​പേർ അറസ്റ്റിൽ

ഗാന്ധിനഗര്‍: അഹ്മദാബാദിലെ ഗുജറാത്ത് സർവകലാശാലയിൽ തറാവീഹ് നമസ്‌കരിക്കുന്നതിനിടെ വിദേശ വിദ്യാര്‍ഥികളെ ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തീവ്ര ഹിന്ദുത്വ പ്രവർത്തകരായ ഹിതേഷ് മേവാഡ, ഭരത് പട്ടേൽ എന്നിവരാണ് പിടിയിലായത്. ആയുധങ്ങളുമായി നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം ഉണ്ടാക്കൽ, വ്യാജരേഖ ചമക്കൽ, സ്വമേധയാ മുറിവേൽപ്പിക്കൽ, ജീവൻ അപകടപ്പെടുത്തൽ, ക്രിമിനൽ അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. 25 പേർക്കെതി​രെയാണ് കേസെടുത്തിട്ടുള്ളത്. അക്രമം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രി ഹർഷ് സാങ്‍വി നിർദേശം നൽകിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി സര്‍വകലാശാലയിലെ ഹോസ്റ്റല്‍ എ ബ്ലോക്ക് കെട്ടിടത്തില്‍ ഹോസ്റ്റല്‍ അഡ്മിനിസ്ട്രേഷന്‍ അനുവദിച്ച സ്ഥലത്ത് റമദാനിലെ പ്രത്യേക നമസ്കാരമായ തറാവീഹ് നിർവഹിക്കുന്നതിനിടെയായിരുന്നു സംഭവം. കാവി ഷാളുകൾ ധരിച്ച് ജയ്ശ്രീറാം വിളികളും ഇസ്‍ലാം വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ അക്രമി സംഘം വിദ്യാർഥികളെ മർദിക്കുകയായിരുന്നു. വിദ്യാർഥികൾക്കുനേരെ കല്ലെറിഞ്ഞ സംഘം മുറികളിൽ കയറി പഠനോപകരണങ്ങൾ നശിപ്പിക്കുകയും ഹോസ്റ്റൽ കെട്ടിടത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

അഞ്ചു വിദ്യാർഥികൾക്കാണ് അക്രമത്തിൽ സാരമായി പരിക്കേറ്റത്. ഇവരെ സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്.

യൂനിവേഴ്‌സിറ്റി കാമ്പസിനകത്തോ, ഹോസ്റ്റല്‍ പരിസരത്തോ പള്ളികളില്ലാത്തതിനാലാണ് അധികൃതർ ഹോസ്റ്റലിൽ അനുവദിച്ച സ്ഥലത്ത് വിദ്യാർഥികൾ പ്രാർഥന നടത്തിയത്. കാവി ഷാളുകള്‍ ധരിച്ചെത്തിയ ചിലര്‍ ഇവരെ തള്ളിമാറ്റി ആരാണ് ഇവിടെ പ്രാര്‍ഥിക്കാന്‍ അനുവദിച്ചതെന്ന് ആക്രോശത്തോടെ ചോദിക്കുകയും ഇവിടെ പ്രാര്‍ഥിക്കാന്‍ അനുവദിക്കില്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍ അവരുടെ ചോദ്യം മനസ്സിലായില്ലെന്നും ഉത്തരം നല്‍കുന്നതിന് മുമ്പ് തന്നെ അക്രമിക്കാന്‍ തുടങ്ങിയെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അവരെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊലീസിനെ വിളിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് എത്തിയത്. കൺമുന്നിലുണ്ടായിട്ടും അക്രമികളെ പിടികൂടാൻ പൊലീസ് തയാറായില്ലെന്നും ആരോപണമുയർന്നിരുന്നു.

Tags:    
News Summary - Case of beating and injuring foreign students while praying Taraweeh: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.