എരുമപ്പെട്ടി: ചിറമനേങ്ങാട് പുളിക്കപറമ്പ് കോളനിയിൽ അന്തർസംസ്ഥാന തൊഴിലാളികളായ രണ്ടു പേരെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ. കടങ്ങോട് മുക്കിലപീടിക കൊണ്ടംതൊടിയിൽ വീട്ടിൽ കണ്ണനെയാണ് (26) എരുമപ്പെട്ടി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.കെ. ഭൂപേഷിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.
കടം നൽകിയ 2000 രൂപ തിരികെ ചോദിച്ചതിന്‍റെ വൈരാഗ്യത്തിലാണ് പ്രതി ആക്രമണം നടത്തിയത്. ചിറമനേങ്ങാട് റോയൽ കോളജിന് സമീപം പുളിക്കപറമ്പ് കോളനിയിലെ താമസക്കാരും തമിഴ്നാട് സ്വദേശികളുമായ മുത്തു (26), മണികണ്ഠൻ (28) എന്നിവരെയാണ് കണ്ണൻ കത്തി കൊണ്ട് കുത്തിയത്. കഴിഞ്ഞ ആറാം തീയതി രാത്രിയാണ് സംഭവം.
മണികണ്ഠനിൽനിന്ന് പ്രതി കടം വാങ്ങിയ പണം തിരികെ ചോദിക്കാൻ ചെന്നപ്പോൾ ആദ്യം മണികണ്ഠനെ ആക്രമിക്കുകയും ഇവിടെനിന്ന് രക്ഷപ്പെട്ടുപോയ മണികണ്ഠനെയും മുത്തുവിനെയും പിന്തുടർന്ന് താമസ സ്ഥലത്ത് ചെന്ന് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് നെഞ്ചിനും കൈയിലും കുത്തി പരിക്കേൽപിക്കുകയുമായിരുന്നു. പരിക്കേറ്റ ഇരുവരെയും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകരാണ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശേഷം ഒളിവിൽ പോയ പ്രതി നാടുവിടാൻ ശ്രമിക്കുന്നതിനിടെയാണ് എരുമപ്പെട്ടിയിൽനിന്ന് പിടിയിലായത്. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുത്തുവിനെതിരെ പോക്സോ ഉൾപ്പെടെ നാലുകേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ട്. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.വി. സുഗതൻ, സിവിൽ പൊലീസ് ഓഫിസർ കെ. സഗുൺ, എസ്. അഭിനന്ദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.