മണ്ണാര്‍ക്കാട്: യുവാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ രണ്ട് പേരെ ജീവപര്യന്തം തടവിനും അറുപതിനായിരം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. ചാലിശ്ശേരി സ്വദേശികളായ ചാഴിയാട്ടില് മതുപ്പുള്ളി പതിയാട്ടുവളപ്പില് ഇസ്മായില്‍ (46), മണിയന്കുന്നത്തു വീട്ടില്‍ അനീസ് (30) എന്നിവരെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന് ജോണ്‍ ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം ആറുമാസം അധിക തടവ് അനുഭവിക്കണം.
പിഴത്തുകയില്‍ നിന്നും അമ്പതിനായിരം ഇരക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ചാലിശ്ശേരി ചാഴിയാട്ടില് സ്വദേശി പേരടിപുറത്ത് വീട്ടില്‍ വേലായുധന്റെ മകന് സന്തോഷിനെ (35) വടിവാള്‍ കൊണ്ട് വെട്ടിപരിക്കേല്പ്പിച്ചെന്നാണ് കേസ്. 2017 ഒക്ടോബര്‍ 27നായിരുന്നു സംഭവം.
ആർ.എസ്.എസ് പ്രവർത്തകനായ സന്തോഷ് മതുപ്പുള്ളിയില്‍ ശാഖ നടത്തിയതുമായി ബന്ധപ്പെട്ട വിരോധവും രണ്ടാം പ്രതി അനീസിന്റെ സഹോദരനെ മര്‍ദിച്ചെന്ന തെറ്റിദ്ധാരണയിലുമാണ് പ്രതികള്‍ ചേര്‍ന്ന് ആക്രമിച്ചെന്നാണ് കുറ്റപത്രത്തിലുള്ളത്. സംഭവദിവസം രാവിലെ സന്തോഷും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് പിന്തുടര്ന്ന് പെരിങ്ങോട് മുപ്പറമ്പ് റോഡില്‍ വെച്ച് തടഞ്ഞുനിര്‍ത്തി ജാതിപ്പേര് വിളിച്ച് വടിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. തലക്കും ശരീരത്തിലും വെട്ടേറ്റ സന്തോഷ് സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.
ശിക്ഷിക്കപ്പെട്ട പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം വകുപ്പ് 2 (3) അഞ്ച് വകുപ്പ് പ്രകാരമാണ് ജീവപര്യന്തം തടവും പിഴയും വിധിച്ചത്. ഐ.പി.സി 307 വകുപ്പ് പ്രകാരം പത്ത് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും 506-2 പ്രകാരം മൂന്ന് വര്‍ഷം തടവും 10000 രൂപ പിഴയും വകുപ്പ് 341 പ്രകാരം ഒരു മാസം തടവും അനുഭവിക്കണം. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ജീവപര്യന്ത കാലയളവില്‍ അനുഭവിച്ചാല്‍ മതി. കേസില്‍ 14 പേരെ വിസ്തരിച്ചു. അന്നത്തെ ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയായിരുന്ന മുരളീധരനാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി അഡ്വ. പി. ജയന്, അഡ്വ. കെ. ദീപ എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.