കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബസിൽ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം മുങ്ങിയ കേസിലെ പ്രതി ഇന്ത്യേഷ് കുമാർ രണ്ട് വർഷത്തോളം ഒളിവിൽ കഴിഞ്ഞത് വാരാണസിയിൽ സന്യാസി വേഷത്തിൽ. പൊലീസ് അന്വേഷണം ഒഴിവാക്കിയെന്ന് കരുതി നീണ്ട ഇടവേളക്ക് ശേഷം നാട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. ഇന്ത്യേഷ് കുമാർ സഞ്ചരിച്ച ട്രെയിനിൽ കയറിയ പൊലീസ് സേലത്ത് വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2021 ജൂലൈ നാലിനാണ് വീടുവിട്ടിറങ്ങിയ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ചേവായൂരിൽ ബസിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ് കുമാർ (38). മറ്റു പ്രതികളായ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീഷ് (38), പന്തീർപാടം മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
നാടുവിട്ട ഇന്ത്യേഷ് കുമാർ പഴനി, തിരുവണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളിൽ വേഷം മാറി താമസിച്ചു. പൊലീസ് പിന്നാലെ എത്തിയെങ്കിലും ഇയാൾ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് വാരാണസിയിലേക്ക് കള്ളവണ്ടി കയറി അവിടുത്തെ സന്യാസിമാരോടൊപ്പം കഴിയുകയായിരുന്നു.
പ്രതി ബന്ധപ്പെടാൻ സാധ്യതയുള്ളവരെയെല്ലാം പൊലീസ് രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരുന്നു. പൊലീസ് അന്വേഷണം ഒഴിവാക്കിയെന്ന് കരുതിയ ഇന്ത്യേഷ് നീണ്ട ഇടവേളക്ക് ശേഷം നാട്ടിലെ ഒരാളെ ബന്ധപ്പെട്ട് വീട്ടുകാര്യങ്ങൾ അന്വേഷിച്ചു. നാട്ടിൽ വന്ന് അമ്മയേയും സഹോദരങ്ങളെയും കണ്ട് വാരാണസിക്ക് തന്നെ മടങ്ങാൻ പ്രതി തീരുമാനിച്ച വിവരം മനസിലാക്കിയ പൊലീസ് ഇയാൾക്കായി വലവിരിക്കുകയായിരുന്നു.
ചേവായൂരിലെ വീട്ടിൽ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെയാണ് പ്രതികൾ ബലാത്സംഗം ചെയ്തത്. ഇന്ത്യേഷും ഗോപീഷും ചേർന്ന് മുണ്ടിക്കൽത്താഴം വയൽ സ്റ്റോപ്പിനടുത്ത് വെച്ച് സ്കൂട്ടറിൽ യുവതിയെ കയറ്റി കൊണ്ടുപോയി കോട്ടാപറമ്പയിലുള്ള ഷെഡിൽ നിർത്തിയിട്ട ബസിൽ വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിക്കുകയും ഷമീർ ഓട്ടോ വിളിച്ച് കോട്ടാപറമ്പ് എത്തി യുവതിയെ പീഡനത്തിനിരയാക്കുകയുമായിരുന്നു.
തുടർന്ന് ഗോപീഷും ഷമീറും ചേർന്ന് മുണ്ടിക്കൽ താഴത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം പാർസൽ വാങ്ങി യുവതിക്ക് കൊടുക്കുകയും യുവതിയെ ബൈക്കിൽ കയറ്റി കുന്ദമംഗലം ഓട്ടോസ്റ്റാൻറിനടുത്ത് ഇറക്കി വിടുകയുമായിരുന്നു. രാത്രി വീട്ടിലെത്തിയ യുവതിയുടെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ ചോദിച്ചതിൽ നിന്നാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.