ന്യൂഡൽഹി: രാജസ്ഥാന് പിന്നാലെ, രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന പ്രമേയം പാസാക്കി ഛത്തിസ്ഗഢ്, ഗുജറാത്ത് സംസ്ഥാന ഘടകങ്ങളും. ഞായറാഴ്ചയാണ് ഛത്തിസ്ഗഢ് പി.സി.സി ചേർന്ന് ഐകകണ്ഠ്യേന രാഹുലിനു വേണ്ടി പ്രമേയം പാസാക്കിയത്.
ജൂലൈയിലും സമാന പ്രമേയം ചത്തിസ്ഗഢ് പാസാക്കിയിരുന്നു. മറ്റു സംസ്ഥാന ഘടകങ്ങൾകൂടി ഇതേ ആവശ്യം ഉന്നയിച്ചാൽ അധ്യക്ഷപദവി ഏറ്റെടുക്കില്ലെന്ന തീരുമാനം രാഹുൽ പുനരാലോചിക്കുമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ പറഞ്ഞു.
സെപ്റ്റംബർ 22 മുതൽ നാമനിർദേശം സമർപ്പിക്കാനുള്ള നടപടിക്രമം തുടങ്ങാനിരിക്കെയാണ് അധ്യക്ഷപദവി രാഹുൽ ഏറ്റെടുക്കണമെന്ന് മൂന്നു സംസ്ഥാന ഘടകങ്ങൾ ആവശ്യപ്പെട്ടത്. ഗുജറാത്തിലും ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്. മറ്റു സംസ്ഥാനങ്ങളും രാഹുലിനായി അടുത്ത ദിവസങ്ങളിൽ പ്രമേയം കൊണ്ടുവന്നേക്കുമെന്നാണ് സൂചന.
അധ്യക്ഷപദവിയിലേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റെ പേര് വിവിധ കോണുകളിൽനിന്നും ഉയർന്നുവരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച സംസ്ഥാന ഘടകം പ്രമേയം പാസാക്കിയത്. ഇതിനായി വിളിച്ച യോഗത്തിൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ് പങ്കെടുത്തില്ല. ഡൽഹിയിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പു തോൽവിയെ തുടർന്ന് 2019ലാണ് രാഹുൽ അധ്യക്ഷപദം ഒഴിഞ്ഞത്. തുടർന്ന് സോണിയ ഗാന്ധി അധ്യക്ഷയായി. രാഹുൽ അധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്തണമെന്ന് നിരവധി നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. ഭാരത് ജോഡോ യാത്രയിൽ അധ്യക്ഷ പദവി സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും രാഹുൽ തയാറായില്ല.
അധ്യക്ഷനായാലും അല്ലെങ്കിലും രാഹുൽ സർവാംഗീകൃത നേതാവ് -ചിദംബരം
ന്യൂഡൽഹി: രാഹുൽ ഗാന്ധി സർവാംഗീകൃത നേതാവായതിനാൽ പാർട്ടി അധ്യക്ഷനായാലും അല്ലെങ്കിലും അദ്ദേഹത്തിന് കോൺഗ്രസിൽ സവിശേഷ സ്ഥാനമുണ്ടാകുമെന്ന് മുതിർന്ന പാർട്ടി നേതാവ് പി. ചിദംബരം. പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനത്തിന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നതെങ്കിലും ആ പദവിയിലേക്ക് വരാൻ വിസമ്മതം പ്രകടിപ്പിക്കുന്ന രാഹുൽ ഒടുവിൽ മനസ്സ് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും കോൺഗ്രസ് പ്രവർത്തകസമിതി അംഗംകൂടിയായ ചിദംബരം പറഞ്ഞു.
അധ്യക്ഷ തെരഞ്ഞെടുപ്പിലെ സുതാര്യതയുമായി ബന്ധപ്പെട്ട് ഒരുകാലത്തും വിവാദങ്ങൾക്ക് ഇടയില്ലായിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തലവൻ മുധുസൂദനൻ മിസ്ത്രിയുടെ വിശദീകരണത്തോടെ ചില നേതാക്കൾക്കുണ്ടായിരുന്ന സംശയങ്ങൾ ദൂരീകരിക്കപ്പെട്ടെന്നും വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു. ''വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന കീഴ്വഴക്കം ഒരു പാർട്ടിയും പിന്തുടരുന്നില്ല. പ്രദേശ് കോൺഗ്രസ് തല വോട്ടർപട്ടിക സംസ്ഥാന ഓഫിസുകളിലും ദേശീയതലത്തിലുള്ള വോട്ടർപട്ടിക എ.ഐ.സി.സി ആസ്ഥാനത്തും ലഭ്യമാണ്. ഓരോ സ്ഥാനാർഥിക്കും വോട്ടർപട്ടികയുടെ പകർപ്പ് ലഭ്യമാക്കുമെന്ന് മിസ്ത്രി വിശദീകരിച്ചതിൽ എം.പിമാർ സംതൃപ്തരാണ്'' -അദ്ദേഹം വിശദീകരിച്ചു.
ബി.ജെ.പിയോ മറ്റേതെങ്കിലും പാർട്ടിയോ ആയിരുന്നെങ്കിൽ മാധ്യമങ്ങൾ ഇക്കാര്യം പറയുമായിരുന്നോ എന്നും ചിദംബരം ചോദിച്ചു. ''ജെ.പി. നഡ്ഡ വോട്ടർപട്ടിക ചോദിച്ചതോ നാമനിർദേശപത്രിക സമർപ്പിച്ചതോ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല. നഡ്ഡയാകട്ടെ, അമിത്ഷായോ രാജ്നാഥ് സിങ്ങോ ഗഡ്കരിയോ ആകട്ടെ, എല്ലാരും സമവായത്തിലൂടെയാണ് ബി.ജെ.പി അധ്യക്ഷരായി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെ താഴേതലം മുതൽ മുകൾത്തട്ട് വരെ എല്ലാവും രാഹുൽ ഗാന്ധിയുടെ വരവ് ആഗ്രഹിക്കുന്നവരാണ്. അവരെല്ലാവരും അദ്ദേഹത്തെ പാർട്ടി അധ്യക്ഷനായി കാണാനാഗ്രഹിക്കുന്നു. നിലവിൽ ഈ ആവശ്യം നിരിസിച്ചിരിക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് മാറിക്കൂടെന്നില്ല'' -ചിദംബരം പറഞ്ഞു. പാർട്ടിയിലെ സർവാംഗീകൃതരായി ഗാന്ധി കുടുംബം തുടരുമോ എന്ന ചോദ്യത്തിന്, ആദ്യം മഹാത്മാഗാന്ധിയായിരുന്നു സർവാദരണീയ നേതാവെന്നും പിന്നീടത് നെഹ്റുവും ശേഷം ഇന്ദിരയുമായെന്നും അദ്ദേഹം മറുപടി നൽകി.
''തെരഞ്ഞെടുക്കപ്പെടുന്നത് ആരായാലും അവസരത്തിനൊത്ത് ഉയരുകയും നേതാക്കളുടെയും അണികളുടെയുമെല്ലാം ആദരവ് നേടിയെടുക്കുകയും ചെയ്യും'' -ഗാന്ധി കുടുംബത്തിൽനിന്നല്ലാത്ത അധ്യക്ഷൻ വന്നാൽ അതേ ആദരവും അംഗീകാരവും ലഭിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായി ചിദംബരം പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന്, നിഷ്ക്രിയരായിരുന്ന അനേകം കോൺഗ്രസ് പ്രവർത്തകർ തിരിച്ചുവന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ''ആന ഉണർന്നെണീറ്റിരിക്കുകയാണ്. വിദ്വേഷത്തിലൂടെയോ സമുദായ ധ്രുവീകരണത്തിലൂടെയോ ഈ രാജ്യത്തെ വിഭജിക്കാൻ അനുവദിക്കില്ല. സ്നേഹത്തിലും സഹിഷ്ണുതയിലും നാടിനെ ഒന്നിപ്പിക്കുമെന്നുമുള്ള പുരാതന സന്ദേശം ജനം വീണ്ടും കേൾക്കുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 22നാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം. 24 മുതൽ 30 വരെ നാമനിർദേശപത്രിക നടപടികൾ പൂർത്തിയാകും. തെരഞ്ഞെടുപ്പ് ഉണ്ടാവുകയാണെങ്കിൽ ഒക്ടോബർ 17ന് നടക്കും. 19ന് ഫലവും വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.