മലപ്പുറം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും അനുബന്ധ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുമെതിരെ നടപടിയെടുക്കാൻ പൊലീസ് 2017ൽ തുടങ്ങിയ 'ഓപറേഷൻ പി ഹണ്ട്' റെയ്ഡിൽ സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 286 പേർ. നാല് വർഷത്തിനിടെ നടത്തിയ 2690 റെയ്ഡുകളിലായി 1257 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിൽ പിടിയിലായവരിൽനിന്ന് മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങി 1879 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു. കേരള പൊലീസിന്റെ സി.സി.എസ്.ഇ (കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ) വിഭാഗത്തിൽനിന്ന് ലഭിച്ചതാണ് ഈ വിവരങ്ങൾ. കഴിഞ്ഞയാഴ്ച നടന്ന പി-ഹണ്ട് പത്താം സ്പെഷൽ ഡ്രൈവിൽ 410 സ്ഥലങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 10 പേരെയാണ് ഇതിൽ അറസ്റ്റ് ചെയ്തത്.
2021ൽ രണ്ട് ഘട്ടങ്ങളിലായി നടത്തിയ 1273 റെയ്ഡുകളിൽ 450 കേസുകളിലായി 57 പേർ അറസ്റ്റിലായിരുന്നു. 2020ലാണ് കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയത്- 183 പേർ. 2019 മുതലാണ് ഓപറേഷൻ പി-ഹണ്ട് സജീവമായി നടപ്പാക്കിയത്. കുട്ടികള്‍ക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന അതിക്രമങ്ങളും ലൈംഗിക അതിക്രമങ്ങളും അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും തടയാനാണ് പരിശോധന. നവമാധ്യമങ്ങൾ വഴി ഗ്രൂപ്പുകളുണ്ടാക്കി കുട്ടികളുട ദൃശ്യങ്ങൾ പങ്കുവെക്കുന്നത് വ്യാപകമായിട്ടുണ്ടെന്ന് പൊലീസ് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. പണം നൽകിയാണ് പലരും ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളാകുന്നതെന്നും പൊലീസ് പറഞ്ഞു. പിടിയിലായവരിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥികളും ഐ.ടി പ്രഫഷനലുകളും ഉയര്‍ന്ന ഉദ്യോഗസ്ഥരുമുള്പ്പെടെയുള്ളവരുമുണ്ട്. കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.