കാഞ്ഞിരപ്പള്ളി: കോടികള്‍ തട്ടിയ ജീവനക്കാരനെതിരെ ബന്ധുവിനുപിന്നാലെ കണ്ണിമല സഹകരണബാങ്കും പൊലീസില്‍ പരാതിനല്‍കി. ഒരേ വസ്തു ഈടാക്കി കാണിച്ചു നിരവധി ആളുകളുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ ചിട്ടിത്തുക കൈക്കലാക്കിയ സംഭവത്തില്‍ മുന്‍ ബ്രാഞ്ച് മാനേജര്‍ പൊന്‍കുന്നം സ്വദേശി ഗിരീഷിനെതിരെയാണ് ബാങ്കു അധികൃതരും പരാതി നല്‍കിയത്.
ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈട് വസ്തുവിനെക്കാള്‍ കൂടുതല്‍ തുക ചിട്ടിയായി വാങ്ങി സഹകാരിയറിയാതെ തുക കൈക്കലാക്കിയ സംഭവം സഹകരണ വകുപ്പ് അന്വേഷിച്ചുവരുകയാണ്. പണം തിരികെ അടക്കാതിരുന്നതിനെ തുടര്‍ന്നു ബാങ്ക് നോട്ടീസ് അയച്ചതോടെയാണ് തട്ടിപ്പ് അറിയുന്നത്. നോട്ടീസ് കിട്ടിയവര്‍ ചിട്ടി വാങ്ങിയിട്ടില്ലെന്നു പറഞ്ഞ് ബാങ്കിനെ സമീപിക്കുകയായിരുന്നു. ഇയാളുടെ ബന്ധുക്കളുടെ വസ്തു ഈടായി വാങ്ങിയെങ്കിലും നിയമപരമായി സ്ഥലം അറ്റാച്ചു ചെയ്യാനോ പണം ഈടാക്കിയെടുക്കാനോ ബാങ്കിനു കഴിഞ്ഞിട്ടില്ല.
വ്യാജ രേഖയുണ്ടാക്കി കോടിയിലധികം രൂപ തട്ടിച്ചത് ബാങ്കിലെ മറ്റു ജീവനക്കാര്‍ അറിഞ്ഞില്ലയെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ജില്ല ജോയന്റ് രജിസ്ട്രാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വന്‍ തട്ടിപ്പു നടത്തിയതായാണ് കണ്ടെത്തൽ. മേഖലയിലെ മറ്റൊരു ബാങ്കിലും ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടില്ല. അതിനാല്‍ തന്നെ മറ്റു ചില ആളുകളുടെ പങ്ക് നിസ്സാരവത്കരിക്കരുതെന്ന നിര്‍ദേശവും ലഭിച്ചതായാണ് അറിയുന്നത്.
ഇതിനിടെ ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ച മണിമല സ്വദേശി സസ്പെന്‍ഷനിലായ ഗിരീഷിനെതിരെ പരാതിയുമായി മുണ്ടക്കയം പൊലീസിനെ സമീപിച്ചിരുന്നു. ഇതിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഗിരീഷിനെതിരെ പരാതിയുമായി ബാങ്ക് അധികൃതരും രംഗത്തുവന്നിരിക്കുന്നത്. കോടികള്‍ തട്ടിപ്പുനടത്തിയ ഇയാളില്‍നിന്ന് പണം ഈടാക്കി നല്‍കണമെന്നും കേസെടുക്കണമെന്നും ബാങ്ക് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും സഹകരണ വകുപ്പുതല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി സി. ബാബുക്കുട്ടന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.