പത്തനംതിട്ട: പരിചയം മുതലെടുത്ത് കോന്നി വെള്ളപ്പാറ സ്വദേശിനി രമാ സന്തോഷും ഇവരുടെ സുഹൃത്ത് കോന്നി സ്വദേശി സജുവും ചേർന്ന് പലരിൽ നിന്നായി വൻ തുക തട്ടിയെടുത്തതായി പരാതി. ദേവസ്വം ബോർഡ് ഏറ്റെടുത്ത വസ്തുവിന്റെ വിലയായി ലഭിക്കാനുണ്ടായിരുന്ന കോടിക്കണക്കിന് രൂപ കോടതി വിധിയിലൂടെ ലഭ്യമാകുമെന്നും ഇത് നേടിയെടുക്കുന്നതിലേക്ക് അടിയന്തരമായി പണത്തിന്റെ ആവശ്യമുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തനിക്ക് ഇപ്പോൾ പണം നൽകി സഹായിക്കുന്നവർക്ക് വൻതുക തിരികെ നൽകുമെന്നുപറഞ്ഞ് മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ടു നൽകിയായിരുന്നു തട്ടിപ്പ്.
നിരവധിപേരെ ഇത്തരത്തിൽ ഇവർ തട്ടിച്ചതായി ഇരയായവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാധാരണക്കാരായ വീട്ടമ്മമാരും ഓട്ടോറിക്ഷ ഡ്രൈവർമാരുമൊക്കെയാണ് തട്ടിപ്പിന് ഇരയായത്. വസ്തുവും ആഭരണങ്ങളും പണയപ്പെടുത്തിയും കടം വാങ്ങിയും രമയ്ക്ക് പണം നൽകി സഹായിച്ചവരാണേറെയും. ഇലന്തൂർ സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഉത്തമൻ, കൊടുമൺ സ്വദേശികളായ കെ.പി. പുഷ്പ, മിനിതോമസ്, ടി.ആർ. ലളിത, സജിബേബി എന്നിവർ ലക്ഷങ്ങൾ നഷ്ടപ്പെട്ടതായി പരാതിയിൽ പറഞ്ഞു. ഇവർ ജില്ല പൊലീസ് മേധാവിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകിയിട്ടുണ്ട്.
വിശ്വാസത്തിനായി ചെക്കുകളും കോടതിയുടെ പേരിലെ ചില വ്യാജരേഖകളും നൽകി. കോടതി ഉത്തരവിന്റെ വ്യാജപകർപ്പുകളും വിശ്വാസ്യതയ്ക്കായി ഹാജരാക്കിയിട്ടുണ്ട്. 2019 മുതലാണ് ഇവർ പലരെയും തട്ടിപ്പിന് ഇരയാക്കി തുടങ്ങിയത്. ഇപ്പോൾ ഇവർ ഒളിവിലാണ്. ഫോൺ നമ്പറും ഉപയോഗത്തിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.