രാംഗഡ്: ഝാർഖണ്ഡിലെ രാംഗഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. പത്രാട്ടു ബ്ലോക്ക് അംഗം രാജ് കിഷോർ ബൗരി (35) ആണ് കൊല്ലപ്പെട്ടത്.
ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. തലസ്ഥാന നഗരമായ റാഞ്ചിയിൽ നിന്ന് 50 കിലോമീറ്റർ അകലെ സൗന്ദ മേഖലയിലെ ഭുർകുന്ദ-പട്രതു റോഡിലെ പഴയ പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
പെട്രോൾ പമ്പിന് സമീപം ബൈക്കിലെത്തിയ മൂന്ന് പേർ ബൗരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ബുർകുന്ദയിലെ സി.സി.എൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും ഭുർകുന്ദ പൊലീസ് സ്റ്റേഷൻ ഇൻചാർജ് അമിത് കുമാർ പറഞ്ഞു.
രാംഗഡ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 27നും വോട്ടെണ്ണൽ മാർച്ച് രണ്ടിനുമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.