ശാസ്താംകോട്ട: 2836-ാo നമ്പർ പോരുവഴി അമ്പലത്തുംഭാഗം സർവിസ് സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തിരിമറിയിൽ നഷ്ടപ്പെട്ട അരക്കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയവരിൽ നിന്ന് ഈടാക്കണമെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. 2020 - 21 കാലയളവിലാണ് ബാങ്കിൽ ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്.
സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിൽ ഭരണം നടത്തുന്നത്. മുതലും പലിശയും ചേർത്ത് 55,78,739.30 രൂപയാണ് തിരിച്ചടക്കേണ്ടത്. തട്ടിപ്പ് നടന്ന കാലയളവിൽ സെക്രട്ടറിയായിരുന്ന വിശ്വനാഥൻ തമ്പി, ജീവനക്കാരായിരുന്ന സജിത്ത്കുമാർ, അനൂപ് കെ.എം, പ്രസിഡന്റായിരുന്ന കെ.ആർ. ശിവദാസൻ, ഭരണ സമിതി അംഗങ്ങളായ കെ. സുരേന്ദ്രൻ പിള്ള, ഉമാദേവി അന്തർജനം, ആർ. കവിത, രോഹിണി രാജു, ജി. രാജേന്ദ്രൻ പിള്ള, ജി. മോഹനൻ പിള്ള, രാജൻബാബു, പി. അശോക് കുമാർ എന്നിവരിൽ നിന്നു പണം ഈടാക്കണമെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
തട്ടിപ്പ് പുറത്തുവന്ന ഘട്ടത്തിൽ തന്നെ ജീവനക്കാരായ സജിത്ത്കുമാർ, കെ.എം അനൂപ് എന്നിവരെ സർവിസിൽനിന്നു പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയതായി റിപ്പോർട്ടിൽ പേര് പരാമർശിക്കുന്ന ഭരണസമിതിയംഗം ജി. മോഹനൻ പിള്ള പോരുവഴി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് അംഗമാണ്.
കൊല്ലം ജോ. രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം ശാസ്താംകോട്ട എ.ആന്റ്.ഇ ഇൻസ്പക്ടർ ആർ. പുഷ്പകുമാരിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിൽ പരാമർശിക്കുന്നവർ ഹിയറിങിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ജോ. രജിസ്ട്രാർ നോട്ടീസ് നൽകിയിട്ടുണ്ട്. വിശദീകരണം കേട്ട ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.