ശ്രീണ്ഠപുരം: ദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേൽപിച്ച ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് കല്ലൊടിയിലെ മുതുവുന്നയ്ക്കല് പ്രിന്‍സിനെയാണ് (57) ആലക്കോട് സി.ഐ എം.പി. വിനീഷ്കുമാര്‍ അറസ്റ്റ് ചെയ്തത്. കരുവഞ്ചാലിലെ സണ്‍ ഇലക്ട്രിക്കല്‍സ് ഉടമ വെള്ളാട് പള്ളിക്കവലയിലെ പടാരത്തില്‍ ജോ സക്കറിയ (52), ഭാര്യ അഡ്വ. ലൈല (50) എന്നിവരെയാണ് പ്രിന്‍സ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
വാക്കത്തിയുമായി ജോയുടെ വീട്ടിലെത്തിയ പ്രിന്‍സ് ദമ്പതികളെ ആക്രമിക്കുകയായിരുന്നു. കാലുകള്‍ക്കും കൈകള്‍ക്കുമാണ് വെട്ടേറ്റത്. ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രിന്‍സ് രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ജോയെയും ലൈലയെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ പ്രിന്‍സിനെ കസ്റ്റഡിയിലെടുത്തു. ലൈലയുടെ സഹോദരി സലോമിയുടെ ഭര്‍ത്താവാണ് പ്രിന്‍സ്. ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ സ്വത്തിനെച്ചൊല്ലി ഏറെനാളായി തർക്കം നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് വീടുകയറിയുള്ള അക്രമം.
സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയെ മനോരോഗിയാക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വലിയ അരീക്കാമലയിലെ താഴത്തുവീട്ടില്‍ കുര്യനെ കഴിഞ്ഞ ദിവസം കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുര്യന്റെ സഹോദരി കൂടിയായ സലോമി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
അമ്മ ഏലിയാമ്മയെ സ്വത്ത് തട്ടിയെടുക്കുന്നതിനായി സഹോദരന് കുര്യന് മനോരോഗിയാക്കാന്‍ ശ്രമിച്ചതായി പൊലീസില്‍ അറിയിച്ചത് ലൈലയും മറ്റും ചേര്‍ന്നായിരുന്നു.
ഇതുമായി ബന്ധപ്പെട്ട വിരോധം കത്തിക്കുത്തിലേക്ക് നയിച്ചു. അക്രമത്തിനുപയോഗിച്ച കത്തി വീട്ടുപരിസരത്തുനിന്ന് പൊലീസ് കണ്ടെടുത്തു. സംഭവസ്ഥലത്തും കത്തി വാങ്ങിയ കരുവഞ്ചാലിലെ കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. പ്രിന്‍സിനെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.