ഇരിങ്ങാലക്കുട: ലൈംഗികപീഡനക്കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന അന്തിക്കാട് എറവ് സ്വദേശി ചാലിശ്ശേരി കുറ്റുക്കാരൻ വീട്ടിൽ സോണി (40) പൊലീസ് പിടിയിലായി. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. നവനീത് ശർമ്മയുടെ നിർദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ സി.ഐ അനീഷ് കരീമാണ് സോണിയെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ചില കുടുംബ പ്രശ്നങ്ങളിൽ പെട്ട യുവതിയുടെ അവസ്ഥ മുതലെടുത്ത ഇയാൾ നിർബന്ധിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പരാതിയിൽ പൊലീസ് കേസ് എടുത്തതോടെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നാട്ടിൽനിന്ന് മുങ്ങി. കർണാടകയിൽ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു. കുറച്ചു ദിവസം മുമ്പ് എറണാകുളത്ത് ഒരു നിർമാണ കമ്പനിയിൽ ഡ്രൈവർ ജോലിക്ക് കയറുകയും ചെയ്തു.
പൊലീസ് ഇയാളുടെ ബന്ധുക്കൾ അടക്കമുള്ളവരെ നിരീക്ഷിച്ച് രഹസ്യമായി നടത്തിവന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ.എസ്.ഐ കെ.വി. ഉമേഷ്, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, രാഹുൽ അമ്പാടൻ, സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരും അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.