തൃപ്പൂണിത്തുറ: മുൻ ഹൈകോടതി ജഡ്ജിയുടെ 90 ലക്ഷം രൂപ സൈബർ തട്ടിപ്പിൽ നഷ്ടമായി. തൃപ്പൂണിത്തുറ എരൂർ അമൃത ലെയ്നിൽ സ്വപ്നം വീട്ടിൽ എം. ശശിധരൻ നമ്പ്യാരുടെ (73) പണമാണ് നഷ്ടപ്പെട്ടത്. ഓഹരിവിപണിയിൽ നിക്ഷേപം നടത്തിയാൽ വൻ ലാഭം ലഭിക്കുമെന്ന് പറഞ്ഞാണ് ശശിധരൻ നമ്പ്യാരെ തട്ടിപ്പിനിരയാക്കിയത്.
ആദിത്യ ബിർള കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. വാട്സ് ആപ്പിലൂടെ ആദിത്യ ബിർള ഇക്വിറ്റി ലേണിങ് ഗ്രൂപ്പിൽ ശശിധരൻ നമ്പ്യാരെ അംഗമാക്കിയശേഷം 850 ശതമാനം ലാഭവിഹിതം തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇടപാടിന്റെ വിവരങ്ങൾ വിശദീകരിച്ചതിനെത്തുടർന്ന് തട്ടിപ്പുകാർ ഗ്രൂപ്പിൽ ഒരു ലിങ്ക് പങ്കുവെക്കുകയും ഈ ലിങ്കിൽ കയറിയപ്പോൾ ലഭിച്ച ആപ്പ് വഴി പണം നിക്ഷേപിക്കാൻ നിർദേശിക്കുകയുമായിരുന്നു.
ആദിത്യ ബിർളയുടെ പേരിന്റെ വിശ്വാസ്യതയിൽ ശശിധരൻ നമ്പ്യാർ വിവിധ അക്കൗണ്ടുകളിൽനിന്നായി കഴിഞ്ഞ വർഷം ഡിസംബർ നാലിനും 30നുമിടയിൽ 90 ലക്ഷം രൂപ നിക്ഷേപിച്ചു. പണം നിക്ഷേപിച്ചശേഷം വാഗ്ദാനം ചെയ്തതുപോലെ ലാഭമോ മുതലോ ലഭിക്കുന്നില്ലെന്ന് മനസ്സിലായപ്പോൾ തട്ടിപ്പ് തിരിച്ചറിഞ്ഞ് കഴിഞ്ഞ അഞ്ചിന് ഹിൽപാലസ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് തട്ടിപ്പിനുപയോഗിച്ച വാട്സ്ആപ് വഴി പരിചയപ്പെട്ട അയാന ജോസഫ്, വർഷ സിങ് എന്നിവരെ പ്രതി ചേർത്തു. ശശിധരൻ നമ്പ്യാർ പണം നിക്ഷേപിച്ച അക്കൗണ്ടുകളിൽ 28 ലക്ഷം രൂപ ഇപ്പോഴുമുള്ളതായി ഹിൽപാലസ് പൊലീസ് പറഞ്ഞു. കേസ് സൈബർ പൊലീസിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.