ഭോപാൽ: മധ്യപ്രദേശിൽ ദലിത് യുവാവിന്റെ വിവാഹത്തിന് കുതിരപ്പുറത്ത് സഞ്ചരിച്ചതിന് വീടിന് നേരെ ആക്രമണം. ഗ്രാമത്തിലെ സവർണരുടെ നേതൃത്വത്തിലായിരുന്നു വീടുകൾക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തത്. സാഗർ ജില്ലയിലെ ഗനിയാരി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
വിവാഹത്തിന് കുതിരപ്പുറത്തേറിയായിരുന്നു ദലിത് യുവാവിന്റെ യാത്ര. ഇതിൽ പ്രകോപനം കൊണ്ടായിരുന്നു സവർണരുടെ ആക്രമണം. സംഭവമറിഞ്ഞ് ഭീം ആർമി പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി.
ലോധി താക്കൂർ വിഭാഗത്തിൽപ്പെട്ടവർ മേധാവിത്വം പുലർത്തുന്ന മേഖലയാണ് ഗനിയാരി. ഇവിടെ ദലിത് വിഭാഗത്തിൽപ്പെട്ടവരെ കുതിരപ്പുറത്ത് സഞ്ചരിക്കാൻ അനുവദിക്കാറില്ല. ആദ്യമായാണ് ഇവിടെ ഒരു ദലിത് യുവാവ് വിവാഹത്തിന് കുതിരപ്പുറത്ത് യാത്രചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി വരന്റെ വീട്ടിലേക്ക് സവർണർ കല്ലെറിയുകയായിരുന്നു. ആക്രമണത്തെ തുടർന്ന് ഇവിടെ സുരക്ഷക്കായി പൊലീസിനെ വിന്യസിച്ചതായും അഡീഷണൽ സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ പ്രമോദ് എന്ന വ്യക്തിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ 20 പേർക്കെതിരെ കേസെടുത്തതായും ചിലരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
27കാരനായ ദിലീപ് അഹിർവാറിന്റെ വിവാഹമായിരുന്നു ജനുവരി 23ന്. കുതിരപ്പുറത്തേറിയാണ് ഇയാൾ വധുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടത്. എന്നാൽ ഇത് ചില ഗ്രാമവാസികൾ തടയുകയായിരുന്നു.
ദലിതർക്ക് കുതിരപ്പുറത്ത് സഞ്ചരിക്കാൻ അനുവാദമില്ലെന്നായിരുന്നു ഇവരുടെ വാദം. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവുമുണ്ടായി. വിവാഹത്തിന് ശേഷം വരൻ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ, രാത്രിയിൽ ഇവരുടെ വീടിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. മറ്റു വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. ചില വാഹനങ്ങളും തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.