മലപ്പുറം: പ്രവാസി ക്രൂര മർദനത്തിനിരയായി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ മൂന്നുപേർ മരിച്ച അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീലിനെ മർദിച്ചതായി പറയുന്നു. ഇവർക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കും. അബ്ദുൽ ജലീലിന്റെ മരണം തലക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക നിഗമനം. ജലീലിനെ തട്ടിക്കൊണ്ട്പോയി മർദിച്ചതിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. ക്രൂരമർദനമേറ്റ് അബോധാവസ്ഥയിലാണ് ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ശരീരമാസകലം മൂർച്ചയേറിയ ആയുധംകൊണ്ട് പരിക്കേൽപ്പിച്ച അവസ്ഥയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ അബോധാവസ്ഥയിലായിരുന്നെന്നും അതിഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിലേക്ക് മാറ്റുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പെരിന്തൽമണ്ണയിൽനിന്ന് എട്ട് കിലോമീറ്ററകലെ ആക്കപ്പറമ്പിൽ റോഡരികില്‍ പരിക്കേറ്റ് കിടന്നയാളാണ് എന്ന് പറഞ്ഞ് മേലാറ്റൂർ സ്വദേശി യഹ്യയാണ് ജലീലിനെ ആശുപത്രിയിൽ എത്തിച്ചത്. ജലീലിന്റെ വീട്ടിലും വിവരം അറിയിച്ച ശേഷം ഇയാൾ ആുപത്രിയിൽ നിന്ന് കടന്നുകടളഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. നിലവിൽ കസ്റ്റഡിയിലായവരിൽ നിന്നും മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.
മേയ് 15ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഭർത്താവിനെ ദിവസങ്ങളായി കാണാനില്ലെന്ന് കാണിച്ച് ഭാര്യ മുബഷിറയും കുടുംബവും അഗളി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇടക്കിടെ ഭാര്യയുമായി ബന്ധപ്പെട്ട ഇദ്ദേഹം പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഉടൻ വീട്ടിലെത്തുമെന്ന് ഭാര്യയെ അറിയിച്ചെങ്കിലും അബോധാവസ്ഥയില്‍ വ്യാഴാഴ്ച രാവിലെ ഇയാളെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 12.15ന് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.