കണ്ണൂർ: കണ്ണൂർ നഗരത്തിൽ മർദനമേറ്റ് തളിപ്പറമ്പ് സ്വദേശി മലക്കൻ ഇസ്ഹാഖിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. പഴയ ബസ് സ്റ്റാൻഡിൽ വെച്ച് ഇസ്ഹാഖിനെ തലക്കടിച്ച് പരിക്കേൽപിച്ച ഓട്ടോ ഡ്രൈവർ ചാലാട് സ്വദേശി മഠത്തിൽ വളപ്പിൽ ഹൗസിൽ എം.വി. നൗഷാദിനെയാണ് (42) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പൊലീസ് പി.എ. ബിനുമോഹൻ അറസ്റ്റ് ചെയ്തത്. ഇസ്ഹാഖിന്റെ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ ചാലാട് മണലിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. 11നാണ് ഇസ്ഹാഖിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
10ന് കണ്ണൂർ പഴയ സ്റ്റാൻഡിൽവെച്ച് ഇസ്ഹാഖും പ്രതിയും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടെ ഇസ്ഹാഖിന് തലക്ക് അടിയേറ്റു. തുടർന്ന് വീട്ടിലേക്ക് പോകുന്നതിനിടെ തളിപ്പറമ്പ് ചിറവക്കിലെ രാജരാജേശ്വര ക്ഷേത്രപരിസരത്തെ കടയുടെ സമീപത്ത് കുഴഞ്ഞുവീണു. ബന്ധുക്കൾ ചേർന്നാണ് ഇസ്ഹാഖിനെ വീട്ടിലെത്തിച്ചത്. പിറ്റേദിവസം രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിലാണ് വാക്കേറ്റം നടന്ന സംഭവവും മർദനമേറ്റ വിവരവും മനസ്സിലാക്കാൻ സാധിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.