കോഴഞ്ചേരി: ആറന്മുള കുഴിക്കാല കുറുന്താർ ഹൗസ് സെറ്റ് കോളനിയിൽ അനിതയുടെ (29) മരണവുമായി ബന്ധപ്പെട്ട് ഭാർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പുഴശ്ശേരി കുറുന്താർ ജ്യോതി നിവാസിൽ ജ്യോതിഷാണ് (31) അറസ്റ്റിലായത്. സ്ത്രീധന പീഡന വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവുമാണ് അറസ്റ്റ്.
മൂന്ന് വർഷം മുമ്പാണ് ഇയാൾ അനിതയെ സ്നേഹിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിനു നൽകിയ സ്വർണാഭരണങ്ങളും വാഹനവും വിറ്റു ചെലവഴിക്കുകയും യുവതിയുടെ വീട്ടിൽ താമസിച്ച് ഭാര്യക്കും കുട്ടിക്കും ചെലവിനു കൊടുക്കാതെയും ജീവിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആദ്യ പ്രസവത്തിനു ശേഷം പെട്ടെന്നുതന്നെ ഭാര്യ വീണ്ടും ഗർഭിണിയായ വിവരം ബന്ധുക്കളിൽനിന്ന് മറച്ചുവെച്ചു. മതിയായ ചികിത്സയും പരിചരണവും നൽകാതെ വന്നത് ഗർഭസ്ഥശിശു മരിക്കുന്നതിനു ഇടയാക്കി.
മരിച്ച ശിശുവിനെ നീക്കം ചെയ്യാൻ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്തു നൽകിയിട്ടും അവിടെ കൊണ്ടുപോകാതെ രണ്ടു മാസത്തോളം വയറ്റിൽ കിടക്കുന്നതിന് ഇടയാക്കി. ഇതുമൂലം ശരീരമാസകലം ഉണ്ടായ അണുബാധ മൂലം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അനിത ജൂൺ 28ന് മരിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം അവിടെനിന്ന് മുങ്ങിയ പ്രതി ഭാര്യയുടെ ചികിത്സക്കായി പലരിൽനിന്നും പണം വാങ്ങിയ ശേഷം സ്വന്തം കാര്യങ്ങൾക്കു ചെലവഴിക്കുകയായിരുന്നു. തുടർന്നാണ് യുവതിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്.
പ്രതിയെ പത്തനംതിട്ട ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറന്മുള ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ അനിരുദ്ധൻ, എസ്.ഐ ഹരീന്ദ്രൻ, എ.എസ്.ഐ സനിൽ, എസ്.സി.പി.ഒ സുജ അൽഫോൺസ്, സി.പി.ഒ ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.