വടകര: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് പൊലീസ് സ്റ്റേഷൻ മുറ്റത്ത് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് വടകര പൊലീസ് സ്റ്റേഷനിലെ സി.സി ടി.വിയുടെ ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുത്തു. ഇത് കോടതിയിൽ ഹാജരാക്കി പരിശോധനക്ക് കണ്ണൂരിലെ റീജനൽ ഫോറൻസിക് ലാബിൽ അയക്കും. തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹാർഡ് ഡിസ്ക് കസ്റ്റഡിബയിലെടുത്തത്. ഇതോടൊപ്പം സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത സിവിൽ പൊലീസ് ഓഫിസർ, പൊലീസ് ഡ്രൈവർ എന്നിവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.
വില്യാപ്പള്ളി കല്ലേരി സ്വദേശി താഴെകോലോത്ത് സജീവനാണ് പൊലീസ് കസ്റ്റഡിയിൽനിന്ന് വിട്ടയച്ചശേഷം വ്യാഴാഴ്ച രാത്രി സ്റ്റേഷൻ കോമ്പൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. ക്രൈംബ്രാഞ്ച് എസ്.പി മൊയ്‌തീൻകുട്ടിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വേഗത്തിൽ ലഭിക്കാൻ നേരത്തേ കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവിക്ക് അന്വേഷണസംഘം കത്ത് നൽകിയെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടില്ല.
നേരത്തെ ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിൽ ഡിവൈ.എസ്.പി ആർ. ഹരിദാസിന്റെ നേതൃത്വത്തിൽ മരിച്ച സജീവന്റെ സുഹൃത്തുക്കളായ കണ്ണാടികയിൽ ജുബൈർ ഉമ്മർ (32), കുനിയിൽ ഷംനാദ് (26), സജീവനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ രൂപേഷ്, പരിശോധിച്ച വടകര സഹകരണ ആശുപത്രിയിലെ ഡോക്ടർമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ വീഴ്ച സംഭവിച്ചതിനാൽ എസ്.ഐ അടക്കം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.