മൂന്നാർ: തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഗുണ്ടുമല എസ്റ്റേറ്റിലെ മരണങ്ങളിൽ ആശങ്കയോടെ തൊഴിലാളികൾ. എസ്റ്റേറ്റിൽ നാലുവർഷത്തിനിടെ മൂന്ന് കൊലപാതകങ്ങളും ഒരു ദുരൂഹ മരണവുമാണ് നടന്നത്. ഒരു കൊലപാതകത്തിൽ മാത്രമാണ് മാസങ്ങൾക്കുശേഷം പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റ് കേസുകൾ ഇനിയും തെളിയിക്കാനായിട്ടില്ല. കഴിഞ്ഞ 25ന് ഝാർഖണ്ഡ് സ്വദേശികളായ രണ്ടുപേർ ഒപ്പം ജോലി ചെയ്തിരുന്ന ശരൺ സോയിയെ(29) വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മൃഗീയമായ കൊലപാതകം നടത്തിയ പ്രതികൾ സ്വദേശത്തേക്ക് കടന്നതായാണ് പൊലീസ് കരുതുന്നത്. അഞ്ചംഗ പൊലീസ് സംഘം ഝാർഖണ്ഡിലേക്ക് പോയിട്ടുണ്ടെങ്കിലും പ്രതികൾ പിടിയിലായിട്ടില്ല.
ഗുണ്ടുമല എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ ഊഞ്ഞാലിന്റെ കയറിൽ തൂങ്ങിമരിച്ച നിലയിൽ ഒമ്പത് വയസ്സുകാരിയെ കണ്ടെത്തിയ സംഭവവും നാടിനെ നടുക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞതോടെ കുട്ടിയുടെ മരണം കൊലപാതകമാണെന്നും ബോധ്യമായി. പക്ഷേ, ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും കേസ് തെളിയിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ രാഷ്ട്രീയ കക്ഷികളും നാട്ടുകാരും നിരന്തരം സമരം നടത്തിയതോടെ ജില്ല പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇവരുടെ അന്വേഷണവും പ്രതിയിലേക്ക് എത്താൻ സഹായാമായിട്ടില്ല.
2018 ഫെബ്രുവരി 14ന് തേയില കമ്പനിയുടെ ശിശുപരിപാലന കേന്ദ്രത്തിലെ ആയ രാജഗുരുവിനെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ഇവർ ധരിച്ചിരുന്ന 12 പവനോളം സ്വർണവും കവർന്നാണ് അക്രമി രക്ഷപ്പെട്ടത്. സാക്ഷികളില്ലാതിരുന്ന കേസിലെ പ്രതിയെ മാസങ്ങൾക്കുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. രാജഗുരുവിന്റെ ഇളയമകൻ രാജ്കുമാറും ഇയാളെ രക്ഷപ്പെടാൻ സഹായിച്ച പിതാവ് മണികുമാറും ആയിരുന്നു പ്രതികൾ. രാജഗുരുവിന്റെ മുഖത്തും തലയിലുമായി ആറോളം വെട്ടുകളാണ് ഉണ്ടായിരുന്നത്. മകൻ സ്വന്തം അമ്മയെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം തോട്ടം മേഖലയെ നടുക്കി. ഈ കൊലപാതകം നടന്ന് അധികം വൈകാതെ ഒരു അന്തർസംസ്ഥാന തൊഴിലാളിയെ എസ്റ്റേറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ മരണത്തിന് പിന്നിലെ ദുരൂഹതയും നീങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.