അടിമാലി: കട ബാധ്യതയെ തുടർന്ന് ഇടുക്കിയിൽ വീണ്ടും വ്യാപാരി ജീവനൊടുക്കി. സേനാപതി പള്ളിക്കുന്നിൽ പലചരക്ക് കട നടത്തുന്ന സേനാപതി കുഴിയമ്പാട്ട് ദാമോദരൻ (60) ആണ് ജീവനാെടുക്കിയത്. വർഷങ്ങളായി പള്ളിക്കുന്ന് ടൗണിൽ പലചരക്ക് കടയും, ഒപ്പം കോഴിക്കടയും നടത്തുന്നയാളാണ്.
ബുധനാഴ്ച്ച രാവിലെ 11ഓടെ കടയിലെത്തിയ ദാമോദരൻ പിന്നിലെ വാതിൽ തുറന്ന് അകത്ത് കയറി. വൈകിട്ട് 5 ആയിട്ടും മുൻവശത്തെ ഷട്ടർ തുറന്നു കാണാതിരുന്നതിനെ തുടർന്ന് സമീപവാസികൾ അന്വേഷിക്കുകയും, മൊബൈൽ ഫോണിലേക്ക് വിളിക്കുകയും ചെയ്തു. കടയ്ക്കുള്ളിൽ നിന്നും ബെൽ കേട്ടുവെങ്കിലും കോൾ എടുക്കാതിരുന്നതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ കോഴികളെ സൂക്ഷിക്കുന്ന ഭാഗത്ത് വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കിടക്കുന്നതാണ് കണ്ടത്. തുടർന്ന് സമീപത്തുള്ളവരെ വിവരമറിയിച്ചു. ഉടൻ നാട്ടുകാർ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.
അഞ്ച് ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ലോക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചും കട തുറന്നിരുന്നുവെങ്കിലും കടം പെരുകിയതായാണ് വിവരം. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ ആനന്ദവല്ലി വാഗമൺ പഴമ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ആദർശ്, അഖില. മരുമകൻ മഹേഷ്.
കഴിഞ്ഞ മാസം അടിമാലി ഇരുമ്പുപാലത്ത് ബേക്കറി കടയുടമ കടക്കുള്ളിൽ തൂങ്ങി മരിച്ചിരുന്നു. ഇതും കട ബാധ്യതയെ തുടർന്നാണ്. ലോക്ഡൗൺ പ്രതിസന്ധിക്കിടയിൽ വിവിധ ധനകാര്യ സ്ഥാപനങ്ങളും ബ്ലേഡ് മാഫിയകളും ചെറുകിട വ്യാപാരികളെ വലിയ സമ്മർദ്ദത്തിലാക്കുന്നതാണ് വ്യാപാരികൾ ജീവനാെടുക്കാൻ കാരണം. ടൂറിസം മേഖലയുടെ തകർച്ച ഇടുക്കിയെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ വായ്പകൾക്ക് മാറട്ടോറിയം ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.