മുംബൈ: കടക്കെണിയിലായ സ്വകാര്യ ബാങ്ക് മുൻ മാനേജർ കവർച്ച ശ്രമത്തിനിടെ താൻ ജോലി ചെയ്ത അതേ ശാഖയിലെ ഇപ്പോഴത്തെ മാനേജരെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാൽഗറിലെ വിരാറിലാണ് വനിത ബാങ്ക് ഉദ്യോഗസ്ഥയെ കുത്തിക്കൊന്നത്. ബാങ്കിലെ കാഷ്യറായ മറ്റൊരു യുവതിക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇതേ ശാഖയിലെ മാനേജരായിരുന്ന അനിൽ ദുബെയാണ് പ്രതികളിൽ ഒരാളെന്ന് വിരാർ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടറായ സുരേഷ് വരാദെ പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് 7.30നാണ് സംഭവം. ബാങ്ക് മാനേജരായ യോഗിത വർതകും (34) കാഷ്യർ ശ്വേത ദേവ്രുഖും (32) മാത്രമാണ് സംഭവ സമയം ബാങ്കിലുണ്ടായിരുന്നത്.
കവർച്ച ലക്ഷ്യമിട്ടാണ് പ്രതികൾ ബാങ്കിൽ അതിക്രമിച്ച് കയറിയത്. മുൻ മാനേജർ ആയതിനാൽ പ്രതിക്ക് ബാങ്ക് സേഫിന്‍റെയും ലോക്കറിന്‍റെയും വിവരങ്ങൾ അറിയാമായിരുന്നു. ബാങ്കിൽ കയറിയ ശേഷം പ്രതികൾ കത്തി കാണിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. പണവും ആഭരണങ്ങളും നൽകാനായിരുന്നു ആവശ്യം.
പ്രതികൾ യോഗിതയുടെ കാബിനിലേക്ക് കടക്കാൻ ശ്രമിക്കുന്നത് ശ്വേത തടയാൻ ശ്രമിച്ചു. പിന്നാലെ അക്രമികൾ യോഗിതയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. അവർ ശ്വേതയെയും ആക്രമിച്ചു.
ബാങ്കിനകത്ത് നിന്ന് ബഹളം ശ്രദ്ധയിൽ പെട്ട സമീപവാസികൾ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ദുബെയുടെ കൂട്ടാളി രക്ഷപെട്ടു.
രക്തത്തിൽ കുളിച്ച് ചലനമറ്റ നിലയിലാണ് യോഗിതയെ കണ്ടെത്തിയത്. ശ്വേതക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് യോഗിത അന്ത്യശ്വാസം വലിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്വേത ചികിത്സയിൽ കഴിയുകയാണ്.
മാനേജരെ കൊലപ്പെടുത്താനുള്ള യഥാർഥ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതി കടക്കെണിയിലായിരുന്നുവെന്നും ഒരുകോടി രൂപയുടെ വായ്പാ ബാധ്യതകൾ ഉണ്ടായിരുന്നതായും പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. നായ്ഗോൺ ജില്ലയിലെ മാറ്റൊരു സ്വകാര്യ ബാങ്കിലാണ് ദുബെ ഇപ്പോൾ ജോലി ചെയ്തുകൊണ്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.